ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കും; കേരളത്തിൽ 5 ദിവസം മഴ സാധ്യത

തിരുവനന്തപുരം∙ ശനിയാഴ്ചയോടെ തെക്ക്കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇതോടെ കേരളത്തിൽ അടുത്ത 5 ദിവസം ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിക്കും മിന്നലിനും കാറ്റോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

മേയ് ഏഴിന് ന്യൂനമർദമായും മേയ് എട്ടോടെ തീവ്ര ന്യൂനമർദമായും ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്. അതിനുശേഷം വടക്കു ദിശയിലേക്കു പ്രവഹിച്ച് മധ്യ-ബംഗാൾ ഉൾക്കടലിലേക്കു നീങ്ങുന്ന പാതയിൽ ചുഴലിക്കാറ്റായി (cyclonic storm) ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.