ബിജെപി നേതാവിന്റെ കാറിടിച്ച് ഒരാൾ മരിച്ചതായി ആരോപണം

ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ കാർ ഇടിച്ച് ഒരാൾ മരിച്ചതായി ആരോപണം. പശ്ചിമ ബംഗാളിലെ പുർബ മേദിനിപൂർ ജില്ലയിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. റോഡരികിലുണ്ടായിരുന്ന സെയ്ഖ് ഇസ്‌റാഫിൽ എന്നയാളെ നന്ദിഗ്രാം എംഎൽഎയുടെ വാഹനം ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ ആരോപിക്കുന്നുചന്ദിപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് പ്രകാരം, മൊയ്‌നയിലെ ഒരു പാർട്ടി പരിപാടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു പ്രതിപക്ഷ നേതാവ്. നാട്ടുകാരും ദൃക്‌സാക്ഷിയും പറയുന്നതനുസരിച്ച്, ചന്ദിപൂരിൽ റോഡരികിലുണ്ടായിരുന്ന സെയ്ഖ് ഇസ്‌റാഫിൽ എന്നയാളെ വാഹനം ഇടിച്ചിട്ടു. അപകടത്തിന് ശേഷം കാർ നിർത്തിയില്ലെന്നും ആരോപണമുണ്ട്.

ഡ്രൈവർ മദ്യലഹരിയിലായിരുന്നിരിക്കാമെന്നും നാട്ടുകാർ ആരോപിച്ചു. അപകടത്തിന് പിന്നാലെ സുവേന്ദു അധികാരിയെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ ഒരു മണിക്കൂറോളം റോഡ് ഉപരോധിച്ചു. വൻ പൊലീസ് സന്നാഹം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. മൃതദേഹം താംലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പ്രസ്തുത വാഹനം നന്ദിഗ്രാം എംഎൽഎയുടെ വാഹനവ്യൂഹത്തിന്റെ ഭാഗമാണോയെന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. സുവേന്ദു അധികാരിയോ കാവി പാർട്ടിയിലെ മറ്റേതെങ്കിലും നേതാവോ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.