മധ്യപ്രദേശിൽ ബസ്സ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് പതിനഞ്ചു മരണം

ഖർഗോൺ :  മധ്യപ്രദേശിലെ ഖർഗോണിൽ ഇന്ന് രാവിലെ ബസ്സ് പാലത്തിൽ നിന്ന് താഴേക്ക് മറിഞ്ഞ് 15 പേർ മരിക്കുകയും 25 ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇൻഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തിൽ നിന്ന് തെന്നി താഴേക്ക് വീഴുകയായിരുന്നു.

അപകട സമയത്ത് 50 ഓളം യാത്രക്കാർ ബസ്സിലുണ്ടായിരുന്നതായാണ് വിവരം. പരിക്കേറ്റവരെ ഖർഗോണിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്. പാലത്തിന്റെ കൈവരി തകർത്ത് താഴേക്ക് പതിച്ച ബസ്സ് ദോൻഗർഗാവ് ഗ്രാമത്തിനടുത്തുള്ള ബ്രോഡ് നദിയുടെ വരണ്ട ഭാഗത്തേക്കാണ് വീണത്.

അപകടത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു