വന്ദനയുടെ സംസ്‌കാരം ഇന്ന് രാവിലെ കോട്ടയത്തെ വീട്ടിൽ

കോട്ടയം: കൊട്ടാരക്ക താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കുത്തേറ്റ് കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്കാരം ഇന്ന് കോട്ടയത്തെ വീട്ടുവളപ്പിൽ നടക്കും.വന്ദനയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിൽ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിൽ ഇന്നലെ രാത്രി എട്ടുമണിയോടെ എത്തിച്ചിരുന്നു.

പൊതുദർശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കുമെന്നാണ് റിപ്പോർട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖർ ആശുപത്രിയിലെത്തി അന്തിമോപചാരമർപ്പിച്ചിരുന്നു.

ഇന്ന് വീട്ടുമുറ്റത്ത് തയ്യാറാക്കിയ പന്തലിലാണ് പൊതുദര്‍ശനം ഒരുക്കിയിരിക്കിയിരിക്കുന്നത് .രാത്രിയിൽ നൂറുകണക്കിന് ആളുകൾ വീട്ടിലെത്തിയിരുന്നു. വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലെ പൊതുദര്‍ശനത്തിന് ആയിരക്കണക്കിന് ആളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ വന്ദനയെ അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.

മന്ത്രിമാരായ വി.എന്‍. വാസവന്‍, ചിറ്റയം ഗോപകുമാര്‍, റോഷി അഗസ്റ്റിന്‍, അഡ്വ. ജോബ് മൈക്കിള്‍ എം.എല്‍.എ, എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍, ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തിക്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവരും വന്ദനയുടെ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.