ഐപിഎല്ലിൽ ഇന്ന് ആവേശപ്പോരാട്ടം,മുംബൈയ്ക്ക് നിർണായകം

മുംബൈ : മുംബൈയുടെ ഹോം ഗ്രൗണ്ടായ വാങ്കഡെ സ്‌റ്റേഡിയത്തിൽ രാത്രി 7.30നു നടക്കുന്ന ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ നേരിടുന്ന നിലവിലെ ചാമ്പ്യൻമാരായ ഗുജറാത്ത് ടൈറ്റൻസ് ജയിച്ചാൽ ഗുജറാത്തിന് പ്ലേ ഓഫിലെത്താം.വളരെ നിർണായകമായ മത്സരത്തിൽ മുംബൈയ്ക്ക് ഇന്ന് ജയിച്ചേ തീരൂ.

11 കളികളിൽ 8 വിജയങ്ങൾ നേടി പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ഗുജറാത്ത്. 16 പോയിന്റാണ് ഗുജറാത്തിനുള്ളത്. നിലവിൽ നാലാം സ്ഥാനത്തുള്ള മുബൈയ്ക്ക് 11 കളികളിൽ 6 വിജയവും 5 തോൽവിയും സഹിതം 12 പോയിന്റുകളാണുള്ളത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചാൽ രാജസ്ഥാൻ റോയൽസിനെ മറികടന്ന് മുംബൈയ്ക്ക് മൂന്നാം സ്ഥാനത്തെത്താം.

ഈ സീസണിലെ പ്ലേ ഓഫിൽ എത്തുന്ന ആദ്യ ടീമായി മാറാനാകും ഗുജറാത്തിന്റെ ശ്രമം.ബാറ്റിംഗിലും ബൗളിംഗിലും ഒരുപോലെ സന്തുലിതമായ ടീമാണ് ഗുജറാത്ത്. വൃദ്ധിമാൻ സാഹയും ശുഭ്മാൻ ഗില്ലും തകർപ്പൻ ഫോമിലാണ്. ഹാർദ്ദിക് പാണ്ഡ്യയും ഡേവിഡ് മില്ലറും വിജയ് ശങ്കറും വെടിക്കെട്ടിന് തിരികൊളുത്താനുണ്ട്. മുഹമ്മദ് ഷാമി, രാഹുൽ തെവാതിയ, റാഷിദ് ഖാൻ എന്നിവരും ചേരുമ്പോൾ മുംബൈയെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്.

ബൗളിംഗ് നിരയുടെ മോശം പ്രകടനമാണ് മുംബൈയ്ക്ക് തലവേദനയാകുന്നത്. ബാറ്റിംഗ് നിരയിൽ രോഹിത് ശർമ്മയുടെ ഫോമില്ലായ്മയാണ് മുംബൈ നേരിടുന്ന മറ്റൊരു പ്രതിസന്ധി. പരിക്കേറ്റ ജോഫ്ര ആർച്ചർ ഈ സീസണിൽ ഇനി കളിക്കില്ല. ഈ സാഹചര്യത്തിൽ അർജുൻ ടെണ്ടുൽക്കറെ ടീമിൽ തിരിച്ച് എത്തിക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.