പ്ലസ് ടു സിബിഎസ്ഇ ഫലം രാജ്യത്ത് തിരുവനന്തപുരം ഒന്നാമത്

ന്യൂഡൽഹി: 2023ലെ സിബിഎസ്ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. 99.91 ശതമാനം വിജയം നേടി രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖല കരസ്ഥമാക്കി.ഏറ്റവും കുറവ് 78.05 ശതമാനം ഉത്തർപ്രദേശിലെ പ്രയാഗ് രാജ് മേഖലയിലാണ്.

16,60,511 ലക്ഷം വിദ്യാർത്ഥികളാണ് ഫെബ്രുവരി 15 മുതൽ ഏപ്രിൽ 5 വരെ നടന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. 2019ലെ കോവിഡിന് മുമ്പുള്ള 83.40% വിജയ ശതമാനത്തേക്കാൾ മികച്ചതാണ് ഈ വർഷത്തെ വിജയ ശതമാനം. പെൺകുട്ടികളിൽ 90.68 ശതമാനം പേർ മികച്ച വിജയം നേടി.84.67 ശതമാനം ആൺകുട്ടികൾ വിജയിച്ചു. ട്രാൻസ്ജൻഡർ വിഭാഗത്തിൽ 60 ശതമാനമാണ് വിജയം.

14,50,174 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് യോഗ്യത നേടി. 2024ലെ പത്ത്, പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ 2024 ഫെബ്രുവരി 15ന് ആരംഭിക്കുമെന്ന് സിബിഎസ്ഇ അധികൃതർ വാർത്താകുറിപ്പിൽ അറിയിച്ചു