നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്ക്കെതിരെ അഴിമതിയ്ക്ക് കേസെടുത്ത് സിബിഐ

മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാൻ്റെ മകൻ ആര്യൻ ഖാനെ അറസ്റ്റു ചെയ്ത നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെയ്ക്കെതിരെ അഴിമതിയ്ക്ക് കേസെടുത്ത് സിബിഐ. മയക്കുമരുന്ന് കേസിൽ ആര്യൻ ഖാനെ പ്രതിചേർക്കാതിരിക്കാൻ സമീർ വാങ്കഡ അടക്കമുള്ള ഉദ്യോഗസ്ഥർ ഷാരൂഖ് ഖാനിൽനിന്ന് 25 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടുവെന്ന പരാതിയിലാണ് നടപടി.

സമീർ വാങ്കഡെയുമായി ബന്ധപ്പെട്ട മുംബൈ, ഡൽഹി, റാഞ്ചി, കാൻപുർ അടക്കം 29 ഇടങ്ങളിൽ സിബിഐ റെയ്ഡ് നടത്തി. എൻസിബി സോണൽ മേധാവിയായി തുടരുന്നതിനിടെ നിരവധി ആരോപണങ്ങൾ വാങ്കഡെ നേരിട്ടിരുന്നു. വാങ്കഡെക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിരുന്നു. കഴിഞ്ഞവർഷം മെയിൽ സമീർ വാങ്കഡെയെ എൻസിബിയിൽനിന്നു ചെന്നൈയിലെ ഡയറക്ടർ ജനറൽ ഓഫ് ടാക്‌സ്‌പേയേഴ്‌സിലേക്ക് മാറ്റിയിരുന്നു.

2021 ൽ ആഡംബര കപ്പലിൽ റെയ്ഡ് നടത്തിയാണ് എൻസിബി മുംബൈ സോണൽ മേധാവിയായിരുന്ന സമീർ വാങ്കഡെ ആര്യൻ ഖാനെ പിടികൂടിയത്. കേസിൽ നാലാഴ്ചയോളം ആര്യൻ ഖാൻ ജയിലായിരുന്നു.തെളിവുകളുടെ അഭാവത്തിൽ ആര്യൻ ഖാനെതിരായ എല്ലാ കുറ്റങ്ങളും 2022 മേയിൽ എൻസിബി ഒഴിവാക്കി.കേസുമായി ബന്ധപ്പെട്ടു രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിൽ സമീർ വാങ്കഡെയ്ക്കും കൂടെയുള്ള ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു.കൈക്കൂലിയുടെ ആദ്യ ഗഡുവായ 25 ലക്ഷം രൂപ സമീർ വാങ്കഡെ അടക്കമുള്ളവർ കൈപ്പറ്റിയതായി സിബിഐ കണ്ടെത്തി.