സ്വന്തം കാണികൾക്കു മുന്നിൽ ദയനീയമായി തോറ്റു. എന്ത് പറയണമെന്ന് എനിക്ക് ഉത്തരമില്ല,സഞ്‌ജു സാംസൺ

ജയ്‌പൂർ : ഐപിഎൽ പതിനാറാം സീസണിൽ സ്വന്തം കാണികൾക്കു മുന്നിൽ ദയനീയമായി തോൽക്കുന്നതിനാണ് ജയ്‌പുരിലെ സവായ് മാൻസിങ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. വിരാട് കോഹ്ലി ഉൾപ്പെടുന്ന റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരായിരുന്നു എതിരാളികള്‍. നാണക്കേടുകൊണ്ട് തലതാഴ്ത്തിയാണ് ഞായറാഴ്ച വൈകിട്ട് സഞ്‌ജു സാംസണും സംഘവും മൈതാനം വിട്ടത്.

മത്സരശേഷം അതീവനിരാശയിലായ രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ പരാജയത്തിന്റെ കാരണമറിയില്ലെന്നായിരുന്നു പ്രതികരിച്ചത്. ”കഴിഞ്ഞ മത്സരങ്ങളില്‍ ഞങ്ങളുടെ ആദ്യ മൂന്നു ബാറ്റര്‍മാര്‍ക്ക് പവര്‍പ്ലേയില്‍ നന്നായി സ്കോർ ചെയ്യാൻ സാധിച്ചിരുന്നു. എന്നാല്‍ ഇത്തവണ അതിനു സാധിച്ചില്ല. ഇപ്പോൾ കൂടുതൽ വിശകലനം നടത്തുന്നത് വളരെ നേരത്തെയായി പോകുമെന്ന് കരുതുന്നു.പവര്‍പ്ലേയില്‍ റണ്‍സ് കണ്ടെത്താനാണ് ശ്രമിച്ചത്. പന്ത് പഴകുന്തോറും ബാറ്റു ചെയ്യുന്നത് ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്നു. സീസണിലുടനീളം ഞാനും ജയ്‌സ്വാളും ബട്‌ലറും ഈ ശൈലിയാണ് സ്വീകരിച്ചിരുന്നത്. പവര്‍പ്ലേയില്‍ നന്നായി കളിച്ചിരുന്നെങ്കില്‍ മത്സരം ടൈറ്റാവുമായിരുന്നു.” സഞ്‌ജു സാംസൺ പറഞ്ഞു.

എല്ലാ ക്രഡിറ്റും ആര്‍സിബി ബൗളര്‍മാര്‍ക്കുള്ളതാണ്. എവിടെയാണ് പിഴച്ചതെന്ന് ഞാന്‍ ചിന്തിച്ചുനോക്കി. എന്നാൽ അതിനുള്ള ഉത്തരം ഇതുവരെ എന്റെ പക്കലില്ല. ഐപിഎലിന്റെ സ്വഭാവം നമുക്കെല്ലാവര്‍ക്കുമറിയാം. ഇപ്പോല്‍ കരുത്തരായി ഇരിക്കുകയാണ് വേണ്ടത്. അവസാന മത്സരത്തെക്കുറിച്ച് മാത്രമാണ് ഇപ്പോള്‍ ചിന്തിക്കുന്നത്. നന്നായി അവസാനിപ്പിക്കണമെന്നാണ് ആഗ്രഹം. ഒരു ടീമെന്ന നിലയിൽ ഈ പ്രകടനത്തിന്റെ ഉത്തരവാദിത്തം ഞങ്ങൾ ഏറ്റെടുക്കേണ്ടതുണ്ട്”- മത്സരശേഷം സഞ്‌ജു പറഞ്ഞു.

പ്ലേഓഫ് സാധ്യത നിലനിർത്തുന്നതിനായി ജീവൻമരണ പോരാട്ടത്തിനിറങ്ങിയതാണ് കഴിഞ്ഞ വർഷത്തെ ഫൈനലിസ്റ്റുകളായ രാജസ്ഥാൻ റോയൽസ്. കൂറ്റൻ സ്കോറുകൾ പോലും പ്രതിരോധിക്കാൻ സാധിക്കാതെ പലതവണ പഴികേട്ടിട്ടുള്ള ബാംഗ്ലൂർ ബൗളർമാർക്കു മുന്നിലാണ് രാജസ്ഥാന് അടിതെറ്റിയതെന്നതാണ് ആരാധകർക്ക് വിശ്വസിക്കാനാകാത്തത്.ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ സ്കോറാണ് ഞായറാഴ്ച ബാംഗ്ലൂരിനെതിരെ രാജസ്ഥാൻ കുറിച്ചത്. 2017ൽ കൊൽക്കത്തയ്ക്കെ‌തിരെ ബാംഗ്ലൂർ 47 റൺസിലും 2009ൽ ബാംഗ്ലൂരിനെതിരെ തന്നെ രാജസ്ഥാൻ 58 റൺസിനും പുറത്തായിരുന്നു.

ഷിമ്രോൺ ഹെറ്റ്‌മെയർ (19 പന്തിൽ 35), ജോ റൂട്ട് (15 പന്തിൽ 10) എന്നി രാജസ്ഥാന്റെ രണ്ടു ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. നാലു പേർ പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറിന്റെ റണ്ടാം പന്തിൽ തന്നെ മിന്നും ഫോമിലുള്ള ഓപ്പണർ യശ്വസി ജയ്‌സ്വാളിനെ (പൂജ്യം) പുറത്താക്കി ബാംഗ്ലൂർ ഞെട്ടിച്ചു. ആ ഞെട്ടലിൽനിന്നു കരകയറുന്നതിനു മുൻപു തന്നെ തൊട്ടടുത്ത ഓവറിൽ മറ്റൊരു ഓപ്പണർ ജോസ് ബ‌ട്‌ലർ (പൂജ്യം), ക്യാപ്റ്റൻ സ‍ഞ്ജു സാംസൺ (5 പന്തിൽ 4) എന്നിവരെ വെയ്‌ൻ പാർണലും പുറത്താക്കി. ഇതോടെ 7ന് 3 എന്ന നിലയിൽ തകർന്ന രാജസ്ഥാന് പിന്നീട് ഒരിക്കലും മത്സരത്തിലേക്കു തിരിച്ചുവരാൻ സാധിച്ചില്ല.

തോല്‍വിയോടെ ഈ ഐപിഎൽ സീസണിൽ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകളും മങ്ങി. പോയിന്റ് പട്ടികയിൽ രാജസ്ഥാൻ ആറാം സ്ഥാനത്തേയ്ക്ക് വീഴുകയും ബാംഗ്ലൂർ അഞ്ചാം സ്ഥാനത്തേയ്ക്ക് കയറുകയും ചെയ്തു.