തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ വെറും വാക്കുകളല്ല,പാലിക്കാനുള്ളതെന്ന് സിദ്ദരാമയ്യ

ബെംഗളൂരു: ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. കർണാടകയിൽ അധികാരമേറ്റ സിദ്ധരാമയ്യ സർക്കാർ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് മണിക്കൂറുകൾക്കുള്ളിൽ അംഗീകാരം നൽകി മാതൃകയായി. തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ വെറും വാക്കുകളല്ല,പാലിക്കാനുള്ളതെന്ന് സിദ്ദരാമയ്യ സർക്കാർ തെളിയിച്ചു.

ഒരാഴ്ചയ്ക്കുള്ളില്‍ വിളിച്ചുചേര്‍ക്കുന്ന അടുത്ത മന്ത്രിസഭാ യോഗത്തിന് ശേഷം തീരുമാനങ്ങൾ പ്രാബല്യത്തിൽ വരുത്തുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം നടന്ന ആദ്യ മന്ത്രിസഭ യോഗത്തിൽ സിദ്ധരാമയ്യ പറഞ്ഞു.ദൈവനാമത്തിലായിരുന്നു സിദ്ധരാമയ്യയുടെ സത്യപ്രതിജ്ഞ. അജ്ജയ്യ ഗംഗാധര സ്വാമിയുടെ പേരിലാണ് ശിവകുമാർ സത്യപ്രതിജ്ഞ ചെയ്തത്. മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയാണ് ഇവർക്കു ശേഷം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ ദളിത് നേതാവ് കെ എച്ച് മുനിയപ്പയും അധികാരമേറ്റു.

എല്ലാ വീടുകളിലേക്കും 200 യൂണിറ്റ് സൗജന്യ വൈദ്യുതി (ഗൃഹ ജ്യോതി)
എല്ലാ വീടുകളിലേയും കുടുംബനാഥയ്ക്ക് പ്രതിമാസം 2000 രൂപ (ഗൃഹ ലക്ഷ്മി
എല്ലാ ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്കും പത്ത് കിലോ സൗജന്യ അരി (അന്ന ഭാഗ്യ)
ബിരുദധാരികളായ യുവാക്കൾക്ക് രണ്ട് വർഷത്തേക്ക് മാസംതോറും 3000 രൂപ, തൊഴില്‍ രഹിതരായ ഡിപ്ലോമക്കാര്‍ക്ക് 1500 രൂപ. ഈ ആനുകൂല്യം 18 മുതല്‍ 25 വരെ വയസ്സുള്ളവർക്ക് മാത്രമാണ്. (യുവനിധി). സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര ( ശക്തി)

ഈ 5 തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ 50000 കോടിയോളം രൂപ വേണ്ടിവരുമെങ്കിലും ഉറപ്പുകള്‍ നിറവേറ്റുക തന്നെ ചെയ്യുമെന്ന് സിദ്ധരാമയ്യ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.അധികാരമേറ്റയുടന്‍ തന്നെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിർദേശമുണ്ടായിരുന്നു.

മലയാളിയും മുൻ ആഭ്യന്തരമന്ത്രിയുമായ കെ ജെ ജോർജ്, ലിംഗായത്ത്‍ വിഭാഗത്തെ പ്രതിനിധീകരിച്ച് എം ബി പാട്ടീൽ, മുസ്‍ലിം വിഭാഗത്തിന്റെ പ്രതിനിധിയായി സമീർ അഹമ്മദ് ഖാൻ, സതീഷ് ജാർക്കിഹോളി, മല്ലികാർജുൻ ഖാ​ർഗെയുടെ മകൻ പ്രിയങ്ക് ഖാർഗെ, രാമലിംഗ റെഡ്ഡി എന്നിവരും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‍വിന്ദർ സിങ് സുഖു, നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസൻ എന്നിവർ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുത്തു. പ്രിയങ്കയും രാഹുലും വേദിയിലുണ്ടായിരുന്നു.