പ്രതികളെ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോൾ; കരട് ഹൈക്കോടതിക്ക് കൈമാറി

കൊച്ചി∙ പൊലീസ് കസ്റ്റഡിയിലുള്ളവരെ ഡോക്ടർക്കും മജിസ്ട്രേട്ടിനും മുന്നിൽ ഹാജരാക്കുമ്പോൾ പാലിക്കേണ്ട പ്രോട്ടോക്കോളിന്റെ കരട് സർക്കാർ ഹൈക്കോടതിക്കു കൈമാറി. കേരള ജുഡീഷ്യൽ ഓഫിസേഴ്സ് അസോസിയേഷൻ, ആരോഗ്യ സർവകലാശാല, ഐഎംഎ, കെജിഎംഒഎ, കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ, ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ എന്നിവരുടെ പ്രതിനിധികളെ കേട്ട ശേഷം എത്രയും വേഗം അന്തിമമാക്കി നടപ്പാക്കണമെന്നു കോടതി നിർദേശിച്ചു.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് കുത്തേറ്റു മരിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത കേസിലാണു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദേശം. സർക്കാർ ആശുപത്രികളിൽ എസ്ഐഎസ്എഫിനെ നിയോഗിക്കുമെന്നു സർക്കാർ അറിയിച്ചു. സ്വകാര്യ ആശുപത്രികൾ അതിന്റെ ചെലവ് വഹിക്കേണ്ടി വരുമെന്നും അറിയിച്ചു.വന്ദനയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്ന കാര്യം പരിഗണനയിലാണെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വന്ദനയുടെ മാതാപിതാക്കൾക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ടു കൊല്ലം സ്വദേശി അഡ്വ. മനോജ് രാജഗോപാൽ നൽകിയ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്.