ദീർഘകാലം പങ്കാളിക്ക് ലൈംഗികബന്ധം നിഷേധിക്കുന്നത് മാനസിക പീഡനമാണ് ഹൈക്കോടതി

അലഹബാദ്: മതിയായ കാരണമില്ലാതെ ദീർഘകാലം പങ്കാളിയ്ക്ക് ലൈംഗിക ബന്ധം നിഷേധിക്കുന്നത് മാനസിക പീഡനത്തിന് തുല്യമാണെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. വിവാഹമോചന ഹർജി കുടുംബ കോടതി തള്ളിയതിനെതിരെ നൽകിയ അപ്പീൽ പരിഗണിക്കുമ്പോഴാണ് കോടതി നിർണായകമായ നിരീക്ഷണം നടത്തിയത്.

വധു തന്റെ വിവാഹ ശേഷം മാതൃവീട് വിട്ട് ഭർത്താവിന്റെ വീട്ടിലേയ്ക്ക് പോകുന്ന ചടങ്ങായ ഗൗന കഴിഞ്ഞ് കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ഭാര്യയ്ക്ക് തന്നോടുള്ള മനോഭാവം മാറുകയും ഭാര്യ എന്ന നിലയിൽ തന്നോടൊപ്പം ജീവിക്കാൻ അവർ വിസമ്മതിക്കുകയും ചെയ്തു. പലതവണ ശ്രമിച്ചെങ്കിലും ഭാര്യ ശാരീരിക ബന്ധത്തിന് തയ്യാറായില്ലെന്നും ഭർത്താവ് പരാതിപ്പെട്ടു.

കുറച്ചുകാലം ഒരേ വീട്ടിൽ താമസിച്ചശേഷം ഭാര്യ അവരുടെ മാതാപിതാക്കളുടെ വീട്ടിലേയ്ക്ക് താമസം മാറി. ഗൗനയ്ക്ക് ശേഷം ആറുമാസം കഴിഞ്ഞ് ഭാര്യയോട് മാതാപിതാക്കളുടെ വീട്ടിൽ നിന്ന് മടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും ഭാര്യ വിസമ്മതിക്കുകയും പരസ്പരധാരണയോടെയുള്ള വിവാഹമോചനം ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

മാനസിക പീഡനം, ദീർഘനാളത്തെ ഉപേക്ഷിക്കൽ, 1994-ലെ വിവാഹമോചന കരാർ എന്നിവയുടെ അടിസ്ഥാനത്തിൽ വിവാഹമോചനത്തിന് ഉത്തരവിട്ടു. മതിയായ നോട്ടീസ് നൽകിയിട്ടും ഭാര്യ കുടുംബ കോടതിയിൽ ഹാജരാകാത്തതിനാൽ കേസ് തുടർന്നു. തെളിവുകൾ പരിശോധിച്ച ശേഷം കുടുംബകോടതി പരാതിക്കാരന്റെ കേസ് തെളിയിക്കാനാകില്ല എന്ന് കാണിച്ചു തള്ളി.

കുടുംബകോടതി ഹൈപ്പർ ടെക്‌നിക്കൽ സമീപനമാണ് സ്വീകരിച്ചതെന്നും അതുകൊണ്ടാണ് യുവാവിന്റെ കേസ് തള്ളിക്കൊണ്ട് ഉത്തരവിറക്കിയെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. ഭാര്യയുമായി ജീവിതം പുനരാരംഭിക്കാൻ ഒരു പങ്കാളിയെ നിർബന്ധിക്കുന്നത് സ്വീകാര്യമായ ഒരു നടപടി അല്ലെന്ന് നിരീക്ഷിച്ച കോടതി, കീഴ്ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയും പുരുഷന് വിവാഹമോചനം അനുവദിക്കുകയും ചെയ്തു.കക്ഷികൾ വളരെക്കാലമായി വേർപിരിഞ്ഞാണ് താമസിക്കുന്നതെന്ന് രേഖകളിൽ നിന്ന് വ്യക്തമാണെന്നും വൈവാഹിക ജീവിതത്തിലെ ചില ഉത്തരവാദിത്തങ്ങൾ ഭാര്യ നിഷേധിച്ചതായും ഹൈക്കോടതി ഊന്നിപ്പറഞ്ഞു.