അരിക്കൊമ്പൻ ദൗത്യം രാവിലെ ആറ് മണിയോടെ തന്നെ തുടങ്ങി

കമ്പം: തമിഴ്‌നാട്ടിൽ ജന ജീവിതം ഭീതി പടർത്തുന്ന കാട്ടാന അരിക്കൊമ്പനെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യത്തിന് രാവിലെ ആറ് മണിയോടെ തുടക്കമായി. ഇന്നലെ പകൽ നിന്ന സ്ഥലത്ത് നിന്ന് രാത്രിയോടെ നീങ്ങി ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ കോടിലിംഗ ക്ഷേത്രത്തിനടുത്താണ് ആനയുള്ളത്. പുലർച്ചെ ആന കൃഷിയിടത്തിലൂടെ പോയെന്ന് നാട്ടുകാർ പറഞ്ഞിരുന്നു. തോട്ടത്തിലെ ഗേറ്റ് തകർത്തുകൊണ്ട് ആന കൃഷിയിടത്തിന് ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു.

പുലർച്ചെ മൂന്ന് മണിയോടെ ആനയെ കണ്ടതായി യാത്രക്കാരും പറഞ്ഞിരുന്നു. അരിക്കൊമ്പൻ ദൗത്യത്തിനായി കുങ്കി ആനകളെ തേനിയിൽ എത്തിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. കോടിലിംഗ ക്ഷേത്രത്തിന് സമീപത്ത് നിലയുറപ്പിച്ചിരിക്കുന്ന ആനയുടെ അടുത്തേക്ക് ദൗത്യസംഘം എത്തി .

ഇന്നലെ രാവിലെ കമ്പം ടൗണിലിറങ്ങി പരാക്രമം നടത്തിയ അരിക്കൊമ്പൻ വനാതിർത്തി മേഖലയിലേക്ക് നീങ്ങുകയായിരുന്നു. ജനവാസ മേഖലയ്ക്ക് സമീപം വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കൊമ്പൻ പുറത്തെത്തി ദേശീയപാത മുറിച്ചുകടന്നാണ് നീങ്ങിയത്. കമ്പത്ത് ജനവാസ മേഖലയിലേക്ക് ആനയിറങ്ങിയതോടെയാണ് മയക്കുവെടിവച്ചു പിടികൂടാൻ തമിഴ്‌നാട് തയ്യാറെടുത്തത്. അരിക്കൊമ്പനെ മേഘമല കടുവാ സങ്കേതത്തിനുള്ളിൽ വിടാനാണ് സർക്കാർ ഉത്തരവ്.

ചിന്നക്കനാലിൽ നിന്ന് കേരള വനംവകുപ്പ് പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ മുല്ലക്കൊടി മേദകാനം ഭാഗത്തു തുറന്നുവിട്ട അരിക്കൊമ്പന്‍ ജനങ്ങളെ ഭീതിയിലാഴ്ത്തി കാടിന്‍റെയും നാടിന്‍റെയും പലഭാഗങ്ങളിലായി കറങ്ങി നടക്കുകയാണ്.