ഒഡീഷ ട്രെയിൻ ദുരന്തം മരണം 233, പരിക്കേറ്റത് ആയിരത്തിലധികം പേർക്ക്,ഒരേ സമയം മൂന്നു ട്രെയിനുകൾ

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ ദുരന്തത്തിൽ 233 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മൂന്ന് ട്രെയിനുകളായിരുന്നു ഇന്നലെ രാത്രി അപകടത്തിൽ പെട്ടത്. കൊൽക്കത്തയിൽ നിന്ന് ചെന്നൈയിലേക്ക് വരികയായിരുന്ന കോറമണ്ഡൽ എക്സ്പ്രസ്  ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ചു. തുടർന്ന് കോറണ്ഡൽ എക്സ്പ്രസിന്‍റെ 12 ബോഗികൾ പാളം തെറ്റി. ഈ ബോഗികളിലേക്ക് യശ്വന്ത്പൂർ-ഹൌറ ട്രെയിൻ ഇടിച്ചുകയറുകയുമായിരുന്നു. ഇടിയുടെ ആഘാതത്തിൽ യശ്വന്ത്പൂർ- ഹൌറ എക്സ്പ്രസിന്‍റെ നാല് ബോഗികളും പാളംതെറ്റി.

ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുലർച്ചവരെ 233 മൃതദേഹങ്ങൾ കണ്ടെടുത്തെന്ന് ഒഡീഷ ചീഫ് സെക്രട്ടറി സ്ഥിരീകരിച്ചു.ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണെന്നും പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചെന്നും ഒഡീഷ അഗ്നിശമന വിഭാഗം ഡയറക്ടർ ജനറൽ സുധാംശു സാരംഗി പറഞ്ഞു.

രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, പ്രത്യേക സംഘത്തെ ഒഡീഷയിലേക്ക് അയച്ചു. ബാലസോർ ജില്ലാ കളക്ടറും മന്ത്രിയും സംഭവ സ്ഥലത്തുണ്ട്. ഒഡീഷ അപകടത്തിന് പിന്നിലെ കാരണം കണ്ടെത്തുക പ്രധാനമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രതികരിച്ചു. ട്രെയിൻ ദുരന്തത്തെ തുടർന്ന് ഒഡീഷയിൽ ഇന്ന് ഔദ്യോഗിക ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.

ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തിനൊപ്പം പങ്കുചേരുന്നു. റെയിൽവേ മന്ത്രിയുമായി സംസാരിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കട്ട. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.