സുധിയുടെ തലയ്‌ക്കേറ്റ ഗുരുതര പരുക്ക് മരണകാരണമായി; ഒരാഴ്ച മുൻപുണ്ടായ അപകടത്തിലും ഒരു മരണം

തൃശൂർ∙ ഒരാഴ്ച മുൻപ് ലോറിക്കു പിന്നിൽ ടാങ്കർ ലോറിയിടിച്ചുണ്ടായ അപകടത്തിന്റെ ഞെട്ടൽ മാറും മുൻപാണ്, തൃശൂർ ജില്ലയിലെ കയ്പമംഗലത്തിനു സമീപം പനമ്പിക്കുന്നിൽ നടൻ കൊല്ലം സുധിയുടെ ജീവനെടുത്ത അപകടം സംഭവിച്ചിരിക്കുന്നത്. അന്ന് ടാങ്കർ ലോറിയുടെ ഡ്രൈവർ അപകടത്തിൽ മരിച്ചിരുന്നു.

വളവ് തിരിഞ്ഞെത്തിയ പിക്കപ്പ് വാനിലാണ് സുധി സഞ്ചരിച്ച വാഹനമിടിച്ചത്. തൊടുപുഴ സ്വദേശിയുടേതാണ് പിക്കപ്പ് വാൻ. സുധിയും സംഘവും സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായി തകർന്നു. അപകടമുണ്ടാകുമ്പോൾ കൊല്ലം സുധി വാഹനത്തിന്റെ മുൻസീറ്റിലാണ് ഇരുന്നിരുന്നത്. ഉല്ലാസ് അരൂരാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് വിവരം.അപകടമുണ്ടായതിനു തൊട്ടുപിന്നാലെ ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിൽപ്പെട്ടത് ചലച്ചിത്ര താരങ്ങൾ ഉൾപ്പെട്ട സംഘമാണെന്ന് രക്ഷാപ്രവർത്തനത്തിന് എത്തിയവർ തിരിച്ചറിഞ്ഞിരുന്നു. രക്ഷാപ്രവർത്തനം തുടങ്ങുമ്പോൾത്തന്നെ പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഉടൻതന്നെ കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി.

രക്ഷാപ്രവർത്തകർ സ്ഥലത്തെത്തുമ്പോൾ സുധി അബോധാവസ്ഥയിലായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സുധിയെ അടുത്തുള്ള കൊടുങ്ങല്ലൂർ എആർ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. തലയ്ക്കേറ്റ ഗുരുതര പരുക്കാണ് കൊല്ലം സുധിയുടെ മരണത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

വടകരയിൽനിന്ന് പ്രോഗ്രാം കഴിഞ്ഞു മടങ്ങുകയായിരുന്നു സംഘം. ഒരു സ്വകാര്യ ചാനൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനാണ് കൊല്ലം സുധിയും സംഘവും ഇന്നലെ വടകരയിലെത്തിയത്. ഇന്നലെ രാത്രി പതിനൊന്നോടെയാണ് പ്രോഗ്രാം പൂർത്തിയായത്. തുടർന്ന് രാത്രി തന്നെ അവിടെനിന്ന് മടങ്ങുകയായിരുന്നു. സുധിക്കൊപ്പം കാറിലുണ്ടായിരുന്ന ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.