മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചു

തിരുവനന്തപുരം: അമേരിക്കയില്‍ നടക്കുന്ന ലോകകേരള സഭ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കാനായി രാവിലെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യാത്ര പുറപ്പെട്ടു. പുലര്‍ച്ചെ 4.35 നുള്ള എമിറേറ്റ്‌സ് വിമാനത്തിലാണ് മുഖ്യമന്ത്രി ദുബായ് വഴി ന്യൂയോര്‍ക്കിലേക്ക് യാത്ര തിരിച്ചത്. ഭാര്യ കമല വിജയനും ഒപ്പമുണ്ട്.

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, ചീഫ് സെക്രട്ടറി വി പി ജോയി തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലെ മാരിയറ്റ് മാര്‍ക് ക്വീയില്‍ ലോകകേരള സഭ മേഖലാ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ ഷംസീര്‍ അധ്യക്ഷനാകും.

അമേരിക്കയിലെ മലയാളി നിക്ഷേപകര്‍, പ്രവാസി മലയാളികള്‍ തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രിപിണറായി വിജയന്‍ പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും.മാരിയറ്റ് മാര്‍ക് ക്വീയില്‍ ബിസിനസ് ഇന്‍വെസ്റ്റ്‌മെന്റ് മീറ്റും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

യു എന്‍ ആസ്ഥാനത്തു സന്ദര്‍ശനം നടത്തുന്ന മുഖ്യമന്ത്രി ജൂണ്‍ 14 ന് ന്യൂയോര്‍ക്കില്‍ നിന്ന് ഹവാനയിലേക്ക് തിരിക്കും. ജൂണ്‍ 15,16 തീയതികളില്‍ ക്യൂബയും മുഖ്യമന്ത്രി സന്ദര്‍ശിക്കും. ഹവാനയിലെ വിവിധ പരിപാടികളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ക്യൂബാ സന്ദര്‍ശന സംഘത്തിലുണ്ട്. വിദേശ സന്ദർശനം കഴിഞ്ഞ് ഈ മാസം 19 ന് മുഖ്യമന്ത്രി മടങ്ങിയെത്തും