മദ്യപിച്ച് റെയിൽവേട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ലോക്കോപൈലറ്റ് രക്ഷിച്ചു

കൊല്ലം: മദ്യപിച്ച് റെയിൽവേ ട്രാക്കിൽ കിടന്നുറങ്ങിയ യുവാവിനെ ലോക്കോപൈലറ്റ് ട്രെയിൻ നിർത്തി വിളിച്ചുണർത്തി. കൊല്ലം-ചെങ്കോട്ട പാതയിൽ എഴുകോൺ റെയിൽവേ സ്റ്റേഷന് സമീപത്തെ ട്രാക്കിൽ കിടന്നുറങ്ങിയ അച്ചൻകോവിൽ ചെമ്പനരുവി നിരവിൽ പുത്തൻവീട്ടിൽ റെജി (39) ആണ് ലോക്കോ പൈലറ്റിന്റെ ഇടപെടലിൽ രക്ഷപ്പെട്ടത്. 

കൊല്ലത്ത് നിന്ന് പുനലൂരിലേക്കുള്ള മെമു, ചീരങ്കാവ് ഇഎസ്ഐ ആശുപത്രിക്കു സമീപമെത്തിയപ്പോഴാണ് യുവാവ് പാളത്തിന്റെ മധ്യത്തിൽ കിടന്നുറങ്ങുന്നത് ലോക്കോ പൈലറ്റ് കണ്ടത്.ശനിയാഴ്ച ഉച്ചയ്ക്ക് മഴയോടൊപ്പം വീശിയടിച്ച കാറ്റിൽ പാളത്തിലേക്ക് മരങ്ങൾ ഒടിഞ്ഞുവീണതിനാൽ ഈ ഭാഗത്ത്‌ ട്രെയിനുകൾ വേഗം കുറച്ചുപോകാൻ നിർദേശമുണ്ടായിരുന്നു. ഇതാണ് യുവാവിന് രക്ഷയായത്. വേ​ഗം കുറവായതിനാൽ ട്രെയിൻ നിർത്തി ലോക്കോ പൈലറ്റും യാത്രികരും ചേർന്ന് യുവാവിനെ പാളത്തിൽനിന്നു പിടിച്ചുമാറ്റി.

എഴുകോൺ പൊലീസിന് കൈമാറിയ ഇയാളെ ബന്ധുക്കളെത്തി കൂട്ടിക്കൊണ്ടുപോയി.യുവാവ് മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.