നീറ്റ് യുജി പരീക്ഷാഫലം ഒന്നാം റാങ്ക് രണ്ടുപേർ പങ്കിട്ടു, 23-ാം റാങ്ക് നേടി കേരളത്തിൽ ഒന്നാമതെത്തി കോഴിക്കോട് സ്വദേശി ആ‍ർ എസ് ആര്യ

ന്യൂഡൽഹി: രാജ്യത്തെ മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കു പ്രവേശനം നേടുന്നതിനുള്ള നീറ്റ് യുജി പരീക്ഷയിൽ തമിഴ്നാട്, ആന്ധ്രാ സ്വദേശികളായ പ്രബഞ്ചൻ, ബോറ വരുൺ ചക്രവ‍ർത്തി എന്നിവ‍ർ 99.99 ശതമാനം സ്കോ‍ർ നേടി ഒന്നാം റാങ്ക് പങ്കിട്ടു. 23-ാം റാങ്ക് നേടി കോഴിക്കോട് സ്വദേശി ആ‍ർ എസ് ആര്യ കേരളത്തിൽ ഒന്നാമത്തെത്തി.റാങ്ക് പട്ടികയിലെ ആദ്യ പെൺകുട്ടിയും പ്രജ്ഞയാണ്.

തമിഴ്‌നാട്ടിൽ നിന്നുള്ള കൗസ്തവ് ബൗരി 716 മാ‍ർക്കോടെ മൂന്നാം റാങ്കും കരസ്ഥമാക്കി. പഞ്ചാബിൽനിന്നുള്ള പ്രജ്ഞ അഗ‍വാൾ നാലാം റാങ്കും കരസ്ഥമാക്കി. റാങ്ക് പട്ടികയിലെ ആദ്യ പത്തിൽ നാലുപേര് തമിഴ്‌നാട്ടിൽ നിന്നും ആദ്യ അമ്പതിൽ എട്ടുപേ‍‍ർ ഡൽഹിയിൽ നിന്നും ഏഴുപേ‍ർ രാജസ്ഥാനിൽ നിന്നുമാണ്. ഈ വർഷം 20,87,462 വിദ്യാർഥികളാണ് പരീക്ഷയ്ക്കായി രജിസ്റ്റർ ചെയ്തിരുന്നത്. ഇതിൽ 20,38,596 പേർ പരീക്ഷയെഴുതി. 11,45,976 പേർ യോഗ്യത നേടി.

ഏറ്റവും കൂടുതൽ വിദ്യാർഥികൾ യോഗ്യത നേടിയത് ഉത്തർപ്രദേശിൽനിന്നാണ്. എല്ലാ സംസ്ഥാനങ്ങളിലും മെയ് ഏഴിനായിരുന്നു പരീക്ഷ നടന്നത്. സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ മണിപ്പൂരിലെ വിദ്യാർഥികൾക്കുള്ള പരീക്ഷ രാജ്യത്തെ 11 കേന്ദ്രങ്ങളിലായി ജൂൺ ആറിനാണ് നടന്നത്.