വനവത്കരണത്തിനായി ഭൂമിയൊരുക്കി പരിസ്ഥിതി സംഘടനകള്‍; നാലേക്കര്‍ സ്വകാര്യ ഭൂമി വനംവകുപ്പിന് കൈമാറും

ആനകളുടെ സഞ്ചാരപാത വീണ്ടെടുക്കും.വനവൃസ്ഥിതി കൂട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഊര്‍ജ്ജമാകും

കൊച്ചി : വനം, പാരിസ്ഥിതിക, മൃഗക്ഷേമ സംഘടനകളായ വോയ്സ് ഫോര്‍ ഏഷ്യന്‍ എലിഫന്റ്‌സ് സൊസൈറ്റിയും (വി.എഫ്.എ.ഇ.എസ്) നേച്ചര്‍ മേറ്റ്‌സ് നേച്ചര്‍ ക്ലബ്ബും (എന്‍.എം.എന്‍.സി) ചേര്‍ന്ന് നാലേക്കര്‍ സ്വകാര്യഭൂമി ഏറ്റെടുത്ത് വനവത്കരണത്തിനായി സംസ്ഥാന വനംവകുപ്പിന് കൈമാറും. നിലമ്പൂര്‍ സൗത്ത് ഫോറസ്റ്റ് ഡിവിഷനിലെ നെടുങ്കയം വനത്തോട് ചേര്‍ന്നുള്ള സ്ഥലമാണ് കൈമാറുന്നത്. ഇവിടെ കാട്ടാനകള്‍ക്കുള്ള സുരക്ഷിത വാസസ്ഥലം ഉറപ്പാക്കുകയും മറ്റ് വന്യമൃഗങ്ങള്‍ക്ക് മനുഷ്യരുടെ ശല്യമില്ലാതെ ജീവിക്കാനുള്ള ആവാസവ്യവസ്ഥയ്ക്കുള്ള അവസരവുമൊരുക്കും. ഈ സ്ഥലം നിലമ്പൂര്‍ എലിഫന്റ് റിസര്‍വിന്റെ ഭാഗമാകും.

ഇന്ന് വി.എഫ്.എ.ഇ.എസും എന്‍.എം.എന്‍.സിയും ഇതിനുള്ള അപേക്ഷ നല്‍കും. കേരള വനനിയമം 1961 അനുസരിച്ചാണ് നീക്കം. വനനശീകരണം സംഭവിച്ചയിടങ്ങളില്‍ സ്വാഭാവികമായ പ്രകൃതി പരിസ്ഥിതികള്‍ വീണ്ടെടുത്ത് വനം പുനഃസ്ഥാപിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളുമായി ഒത്തുപോകുന്നതാണ് വി.എഫ്.എ.ഇ.എസും എന്‍.എം.എന്‍.സിയും മുന്നോട്ട് വെക്കുന്ന ആശയം. കാലാകാലങ്ങളായി കാട്ടാനകള്‍ സഞ്ചരിച്ചിരുന്ന കാട്ടുവഴികള്‍ ഇല്ലാതായ സാഹചര്യത്തില്‍ ഭൂമി സ്വാഭാവിക വനത്തിന് വിട്ടുനല്‍കാനുള്ള ഈ നീക്കം വളരെ പ്രസക്തമാണ്. വന്യമൃഗങ്ങളുടെ സ്വാഭാവികമായ സഞ്ചാര ഇടനാഴികള്‍ ഇല്ലാതായത് കൊണ്ടുകൂടിയാണ് ജനവാസ മേഖലകളില്‍ അവയുടെ സാന്നിധ്യവും ആക്രമണവും കൂടിവരുന്നത്.

ആഹാരവും വെള്ളവും തേടി കാട്ടാനകള്‍ ഏറെ ദൂരം സഞ്ചരിക്കാറുണ്ട്. പലപ്പോഴും കൃഷിയിടങ്ങളിലും മനുഷ്യര്‍ താമസിക്കുന്ന വീടുകള്‍ക്കരികിലുമൊക്കെയാണ് ഭക്ഷണം തേടിയുള്ള ഈ യാത്ര മൃഗങ്ങളെ കൊണ്ടുവന്നെത്തിക്കുന്നത്. ഇത് സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയാകാറുണ്ട്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ഇതിനോടകം കേരളത്തില്‍ നിരവധി സാധാരണക്കാരുടെ ജീവനും നഷ്ടമായി. ഇതിനെല്ലാം പരിഹാരമാകണമെങ്കില്‍ കാടിനോട് ചേര്‍ന്ന് താമസിക്കുന്നവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കുകയും ഭൂമി ഏറ്റെടുത്ത് വനവത്കരണത്തിന് വിട്ടുകൊടുക്കുകയും വേണം.

വി.എഫ്.എ.ഇ.എസിന്റെ ഈ ശ്രമങ്ങള്‍ക്ക് പിന്തുണയുമായി കൂടെ നില്‍ക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദി ബോര്‍ഡ് അംഗങ്ങള്‍ അറിയിച്ചു. തുടക്കം മുതല്‍ എല്ലാ പിന്തുണയുമായി വനംവകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍ ഐ.എ.എസും കൂടെയുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രകൃതി ശ്രീവാസ്തവ ഐ.ഫ്.എസ്,പാലക്കാട് ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്. കെ. വിജയാനന്തന്‍ ഐ.എഫ്.എസ്, നിലമ്പൂര്‍ സൗത്ത് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍. പ്രവീണ്‍ എന്നിവരും പിന്തുണ നല്‍കി.

മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിന് ശാശ്വതപരിഹാരം കണ്ടെത്തുന്നതിന് ഈ ഭൂമികൈമാറ്റം സഹായിക്കുമെന്ന് കരുതുന്നതായി വോയ്സ് ഫോര്‍ ഏഷ്യന്‍ എലിഫെന്റ്‌സ് സ്ഥാപകയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ സംഗീത അയ്യര്‍ പറഞ്ഞു. കാട്ടാനകളുടെ സഞ്ചാരപാത വീണ്ടെടുക്കുന്നതിന് ആവശ്യകത ജനങ്ങളെ മനസ്സിലാക്കുന്നതിന് ഈ ശ്രമം സഹായിക്കുമെന്നും സംഗീത അയ്യര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

വി.എഫ്.എ.ഇ.എസും എന്‍.എം.എന്‍.സിയും ചേര്‍ന്ന് നടത്തുന്ന മാതൃകാപരമായ ഈ ദൗത്യത്തില്‍ ശ്രീമതി പ്രകൃതി ശ്രീവാസ്തവ ഐഎഫ്എസ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ്,കൃതജ്ഞത രേഖപ്പെടുത്തി. ഒപ്പം, വനവും വന്യജീവികളെയും സംരക്ഷിക്കുന്നതില്‍ ഇത്തരത്തിലുള്ള പങ്കാളിത്തങ്ങളുടെ പ്രസക്തിയും അവര്‍ ചൂണ്ടിക്കാട്ടി. വനഭൂമിയില്‍ നിന്ന് ആളുകളെ സ്വമേധയാ ഒഴിഞ്ഞുപോകുന്നത് പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ ഇനിയും തുടരുമെന്ന് പ്രകൃതി ശ്രീവാസ്തവ വ്യക്തമാക്കി. ഒപ്പം, റീബിള്‍ഡ് കേരള ഡെവലപ്‌മെന്റ് പദ്ധതിയിലൂടെ സംസ്ഥാനത്തിന്റെ ജൈവവൈവിധ്യം കൂടുതല്‍ ശക്തമാക്കുകയും ചെയ്യും. ഭാവിയില്‍ വി.എഫ്.എ.ഇ.എസും എന്‍.എം.എന്‍.സിയുമായി ചേര്‍ന്ന് സമാനമായ കൂടുതല്‍ പദ്ധതികള്‍ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

സംഗീത അയ്യര്‍, വോയ്സ് ഫോര്‍ ഏഷ്യന്‍ എലിഫെന്റ്‌സ് സ്ഥാപക & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍,കെ. വിജയാനന്ദന്‍ ഐഎഫ്എസ്, ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പാലക്കാട്,അര്‍ജന്‍ ബസു റോയ്, സെക്രട്ടറി, നേച്ചര്‍ മേറ്റ്‌സ് നേച്ചര്‍ ക്ലബ്,തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു..