തിരിച്ചു വരവ് പരാജയം,അങ്ങനെ മടങ്ങാൻ താല്പര്യമില്ലായിരുന്നു.അരവിന്ദ് സ്വാമി

മണിരത്‌നത്തിന്റെ ദളപതി എന്ന സിനിമയിലാണ് അരവിന്ദ് സ്വാമി ആദ്യമായി അഭിനയിക്കുന്നത്.തുടർന്ന് റോജയിലും ബോംബെയിലും അരവിന്ദ് സ്വാമിയെ നായകനാക്കി മണിരത്‌നം.റോജയിലെ പ്രകടനം അരവിന്ദ് സ്വാമിയെ ആരാധകരുടെ മനസ്സുകളിലെ താരമാക്കി.അരവിന്ദ് സ്വാമി എന്ന നടന്റെ സുവർണ്ണ കാലഘട്ടമായിരുന്നു അത്.ബോളിവുഡിൽ നിന്നും ധാരാളം അവസരങ്ങൾ വന്നു.

കൈ നിറയെ സിനിമകളുമായി തിളങ്ങി നിൽക്കുമ്പോൾ  അരവിന്ദ് സ്വാമി വെള്ളിത്തിരയിൽ നിന്നും അപ്രത്യക്ഷനായി.വ്യക്തി ജീവിതവും ബിസിനസ്സുമൊക്കെയായി വിദേശത്തു ജീവിതമാരംഭിച്ച അരവിന്ദ് സ്വാമി ലൈം ലൈറ്റിൽ നിന്നും മാറി നിന്നു.സിനിമാ നടനെന്ന നിലയിലുള്ള പ്രശസ്തി തനിക്ക് ആസ്വദിക്കാൻ പറ്റിയിരുന്നില്ല. ഇക്കാരണം കൊണ്ടാണ് അഭിനയ രം​ഗം വിട്ടതെന്നാണ് അരവിന്ദ് സ്വാമി അന്ന് പറഞ്ഞത്.

വിവിധ രാജ്യങ്ങളിൽ വ്യാപിച്ച ബിസിനസ് കൊണ്ടുപോകുന്നതിനിടയിൽ വിവാഹ ബന്ധം പിരിയേണ്ടി വന്നു.1994 ലാണ് ​ഗായത്രി രാമമൂർത്തിയെ അരവിന്ദ് സ്വാമി വിവാഹം കഴിക്കുന്നത്.2010 ൽ ഇരുവരും വേർപിരിഞ്ഞു.വിവാഹ ബന്ധം പിരിഞ്ഞ ശേഷം കുട്ടികളുടെ സംരക്ഷണച്ചുമതല അരവിന്ദ് സ്വാമിക്കായിരുന്നു.അതിനായി സമയം മാറ്റി വെച്ചു. ഇതിനിടെ ആക്സിഡന്റ് സംഭവിച്ചു. സിനിമയിലേക്ക് തിരിച്ച് വരണമെന്ന ആ​ഗ്രഹം അന്നൊന്നും ഇല്ലായിരുന്നെന്നും അരവിന്ദ് സ്വാമി തുറന്ന് പറഞ്ഞു.

അപകടത്തിൽ പരിക്കു പറ്റി ഏറെ നാൾ ചികിത്സയിലായിരുന്ന നടൻ പരിക്കുകൾ ഭേദമായ ശേഷമാണ് സിനിമാ രം​ഗത്തേക്കുള്ള തിരിച്ചു വരവിനെ കുറിച്ച് ചിന്തിച്ചത്. കടൽ എന്ന സിനിമയാണ് തിരിച്ചു വരവിൽ ആദ്യം ചെയ്തത്. എന്നാൽ ഈ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പരാജയ ചിത്രത്തിലൂടെ വീണ്ടും സിനിമാ രം​ഗത്ത് നിന്നും മടങ്ങാൻ താൽപര്യമില്ലാത്തതിനാലാണ് തുടർന്നും സിനിമകൾ ചെയ്യാൻ തീരുമാനിച്ചതെന്ന് അന്ന് അരരവിന്ദ് സ്വാമി തുറന്ന് പറഞ്ഞു.

കടലിന് ശേഷം ചെയ്ത തനി ഒരുവൻ എന്ന സിനിമയാണ് അരവിന്ദ് സ്വാമിക്ക് സിനിമയിൽ രണ്ടാം ജന്മം നേടിക്കൊടുത്തത്. വൻ ഹിറ്റായ സിനിമയിൽ നായകന് ഒപ്പത്തിനൊപ്പം നിൽക്കുന്ന വില്ലനാണ് .ഇന്ന് കൈ നിറയെ അവസരങ്ങളുമായി 53 ലെത്തി നില്കുന്നു അരവിന്ദ് സ്വാമി