കോളേജുകളിൽ ഇന്ന് കെ.എസ്.യുവിന്‍റെ സംസ്ഥാന വ്യാപക വിദ്യാഭ്യാസബന്ദ്

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ എസ്എഫ്‌ഐ തകർത്തെന്നാരോപിച്ച്‌ സംസ്ഥാനത്തെ കോളേജുകളില്‍ ഇന്ന് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‌യു.വ്യാജന്മാരുടെ കൂടാരമായി എസ്എഫ്ഐ മാറുമ്പോള്‍, ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ത്തെറിയുമ്പോള്‍, സര്‍ക്കാര്‍ മൗനം വെടിയണം എന്നാവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിലേക്ക് നീങ്ങുകയാണെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

വ്യാജ ഡിഗ്രി വിവാദത്തില്‍ എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിനെ സസ്പെൻഡ് ചെയ്തതായി എംഎസ്എം കോളേജ് പ്രിൻസിപ്പൽ ഡോ മുഹമ്മദ് താഹ. നിഖിലിനെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡോ മുഹമ്മദ് താഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആറംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാൻ സമിതിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും താഹ അറിയിച്ചു.

മാധ്യമ വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യത്തില്‍ പരിശോധന നടത്തിയിരുന്നുവെന്നും നിഖില്‍ തോമസ്‍ എന്ന വിദ്യാര്‍ത്ഥി സർവകലാശാലയില്‍ പഠിച്ചിട്ടില്ലെന്നും നിഖിലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കലിംഗ സര്‍വകലാശാല രജിസ്ട്രാര്‍ സന്ദീപ് ഗാന്ധി പറഞ്ഞു.