700 കോടിയോളം രൂപ ചെലവിട്ട് ഒരുക്കിയ.”ആദിപുരുഷ് “ബോക്സ് ഓഫീസിൽ പരാജയം

ബോക്സോഫീസ് കളക്ഷനിൽ വൻ ഇടിവുമായി പ്രഭാസ് ചിത്രം ആദിപുരുഷ്. രാമായണത്തിന്റെ ‘വികലമായ’ ചിത്രീകരണമാണെന്നാരോപിച്ച് ആദിപുരുഷിനെതിരെ രാജ്യത്തൊട്ടാകെ പ്രതിഷേധം ഉയർന്നിരുന്നു. രാമായണത്തെയും അതിലെ കഥാപാത്രങ്ങളെയും വളച്ചൊടിച്ചെന്നാരോപിച്ച് സിനിമയുടെ റിലീസിനെ എതിർത്ത് ഒരുവിഭാഗം തെരുവിലിറങ്ങി പ്രതിഷേധം ഉയർത്തിയിരുന്നു.

ആദി പുരുഷ് സിനിമയുടെ തിയേറ്റർ, ഒടിടി റിലീസ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യ സിനി വർക്കേഴ്സ് അസോസിയേഷൻ (എഐസിഡബ്ല്യുഎ) പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയിരുന്നു.രാമന്റെയും ഹനുമാന്റെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുകയും ഹിന്ദുക്കളുടെയും സനാതന ധർമ്മത്തിന്റെയും മതവികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യുന്ന ചിത്രമെന്നാണ് എഐസിഡബ്ല്യുഎ കത്തിൽ ചൂണ്ടിക്കാട്ടിയത്.

ഓം റൗട്ട് സംവിധാനം ചെയ്ത് പ്രഭാസിനൊപ്പം കൃതി സനോനും സെയ്ഫ് അലിഖാനും അഭിനയിച്ച്‌ ഇന്ത്യ ഒട്ടാകെ റിലീസ് ചെയ്ത ആദിപുരുഷിന്റെ ചൊവ്വാഴ്ചത്തെ കളക്ഷൻ ഇനത്തിൽ കിട്ടിയത് 10.8 കോടി രൂപയാണ്. തിങ്കളാഴ്ചവരെ ചിത്രത്തിന് ആഗോളതലത്തിൽ 375 കോടി രൂപ ഗ്രോസ് കളക്ഷൻ ലഭിച്ചുവെന്ന് നിർമാണ കമ്പനിയായ ടി-സീരീസ് അവകാശപ്പെടുന്നു.റിലീസ് ദിനത്തിൽ 140 കോടി രൂപയാണ് ചിത്രം നേടിയത്. രണ്ടാം ദിനമായ ശനിയാഴ്ചത്തെ കളക്ഷൻ 100 കോടിയും.

രാമായണത്തിനു കാലങ്ങളായി സാഹിത്യകാരൻമാർ പലതരത്തിലെ വ്യാഖ്യാനങ്ങൾ നൽകിയിട്ടുണ്ട്.   700 കോടി രൂപ ചെലവിട്ട് ഒരു സിനിമ ഒരുക്കുമ്പോൾ വിഎഫ്എക്സ് സാധ്യതകൾ മാത്രം മതിയോ? വിഎഫ്ക്സ് ഇല്ലാത്ത ഒരു ഫ്രെയിം പോലും ചിത്രത്തിലില്ല.വൈകാരികമായോ വിശ്വാസപരമായോ ആദിപുരുഷിൽ ഓംറാവുത്ത് ഒന്നും നൽകുന്നില്ല എന്നതാണ് സത്യം.ഇമോഷൻ ഒട്ടുമില്ലാതെ ‘മോഷൻ കാപ്ചർ’ മാത്രമായി പലയിടത്തും സിനിമ മാറുന്നുവെന്നതാണ് സിനിമയുടെ തിരിച്ചടി.ക്യാമറ ഗെസ്റ്റ്റോളിലാണെന്നു തോന്നിപ്പോകുന്നത്ര ഗ്രാഫിക്സാണ് ആദിപുരുഷിലുള്ളത്.