‘മോദി, മോദി..’ വിളികൾ മുഴങ്ങി വൈറ്റ് ഹൗസ്, വമ്പൻ സ്വീകരണം; നന്ദി പറഞ്ഞ് പ്രധാനമന്ത്രി

വാഷിങ്ടൻ ∙ യുഎസ് സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വൈറ്റ് ഹൗസിൽ വമ്പൻ സ്വീകരണം. യുഎസ് സമയം വ്യാഴാഴ്ച രാവിലെ വൈറ്റ് ഹൗസിലെത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് സ്വീകരിച്ചത്. വൈറ്റ് ഹൗസിലെ സൗത്ത് ലോണിൽ നിരവധി ഇന്ത്യക്കാർ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ കാത്തുനിന്നിരുന്നു. ‘മോദി, മോദി’ വിളികൾ വൈറ്റ് ഹൗസ് പരിസരമാകെ നിറഞ്ഞു. പ്രശസ്ത ബാൻഡായ പെൻ മസാലയുടെ സംഗീത പരിപാടിയും സൗത്ത് ലോണിൽ തടിച്ചുകൂടിയ ജനക്കൂട്ടത്തിനു ഹരമായി.ഊഷ്മള സ്വീകരണത്തിന് മോദി നന്ദി പറഞ്ഞു. ഇത്രയധികം പേർക്കായി വൈറ്റ് ഹൗസിന്റെ വാതിലുകൾ തുറന്നുകൊടുക്കുന്നത് ആദ്യമായാണെന്ന് ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഇന്ത്യക്കാർക്കും ഇന്ത്യൻ അമേരിക്കക്കാർക്കും ഇതൊരു ബഹുമതിയാണ്. 140 കോടി ഇന്ത്യക്കാർക്കു വേണ്ടി പ്രസിഡന്റ് ജോ ബൈഡനും ജിൽ ബൈഡനും നന്ദി പറയുന്നതായും മോദി പറഞ്ഞു. യുഎസും ഇന്ത്യയും തമ്മിലുള്ള ബന്ധം 21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകമായ ബന്ധങ്ങളിലൊന്നാണെന്ന് ബൈഡൻ പറഞ്ഞു. മോദിയുടെ ആദ്യ സ്റ്റേറ്റ് സന്ദർശനത്തിന് ആതിഥ്യമരുളുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്ര, യുഎസിലെ ഇന്ത്യൻ അംബാസഡർ തരൺജിത് സന്ധു തുടങ്ങിയവരും പ്രധാനമന്ത്രിക്കൊപ്പം വൈറ്റ് ഹൗസിലെത്തിയിട്ടുണ്ട്. ഓവൽ ഓഫിസിൽ ഇരുവരും ഉഭയകക്ഷി ചർച്ച നടത്തി. പ്രതിരോധം, ബഹിരാകാശം, ഇന്ത്യ-യുഎസ് ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക സാങ്കേതികവിദ്യകൾ തുടങ്ങിയവ ചർച്ചയായെന്നാണ് വിവരം. ബൈഡനൊപ്പം വാർത്താസമ്മേളനത്തിൽ മോദി പങ്കെടുക്കും. കോൺഗ്രസ് സംയുക്ത സമ്മേളനത്തിലും പ്രസംഗിക്കും.യുഎസ് സമയം ബുധനാഴ്ച രാവിലെ ന്യൂയോർക്കിൽ എത്തിയ മോദി ഐക്യരാഷ്ട്ര സംഘടന ആസ്ഥാനത്തു രാജ്യാന്തര യോഗാദിന ചടങ്ങുകൾക്കു നേതൃത്വം നൽകിയിരുന്നു. ജോ ബൈഡനും ഭാര്യ ജിൽ ബൈഡനും വൈകിട്ട് സ്വകാര്യ വിരുന്ന് നൽകി മോദിയുമായി സൗഹൃദം പങ്കിട്ടു. പ്രധാനമന്ത്രിയെന്ന നിലയിൽ 6 തവണ യുഎസ് സന്ദർശിച്ചിട്ടുണ്ടെങ്കിലും മോദിയുടെ ഇത്തവണത്തെ യാത്ര സ്റ്റേറ്റ് സന്ദർശനമാണ്. ടാർമാക്കിൽ സ്വീകരണം, ആചാരവെടി, വൈറ്റ് ഹൗസിൽ ഔദ്യോഗിക സ്വീകരണം, ഔദ്യോഗികവിരുന്ന് എന്നിവയെല്ലാം സ്റ്റേറ്റ് സന്ദർശനത്തിന്റെ പ്രത്യേകതയാണ്.