കൊഴിഞ്ഞു പോയവരെ തിരികെയെത്തിക്കാൻ ജെപി നദ്ദ കേരളത്തിൽ

ന്യൂഡൽഹി: ലോകസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങവെ കേരള ബിജെപിയിൽ നിന്നുള്ള പ്രമുഖരുടെ കൊഴിഞ്ഞുപോക്കിൽ ഇടപെടാൻ ഇന്ന് കേരളത്തിലെത്തുന്ന ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ നേതാക്കളിൽ നിന്ന്  വിശദാംശങ്ങൾ തേടും.

സിനിമാ മേഖലയിൽ നിന്നുള്ള നിരവധിയാളുകൾ അടുത്തിടെ ബിജെപിയിൽ നിന്ന് രാജിവച്ചിരുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പല പ്രമുഖരേയും പാർട്ടിയിലെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ പാർട്ടിയിലുള്ള പ്രമുഖർ പാർട്ടി വിട്ടത് ബിജെപിക്ക് തിരിച്ചടിയായി.പാർട്ടിയിലേക്കെത്തിയ ഇ ശ്രീധരൻ ഉൾപ്പെടെ പ്രമുഖരൊന്നും നിലവിൽ സജീവമല്ലാത്തതും നേതൃത്വം ഗൗരവത്തോടെയാണ് കാണുന്നത്.

ഈ സാഹചര്യത്തിലാണ് ദേശീയ നേതൃത്വം വിഷയത്തിൽ ഇടപെടുന്നത്.പാർട്ടി വിട്ടവരെ തിരികെ കൊണ്ടുവരുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള പ്രകാശ് ജാവദേക്കർ പറഞ്ഞതായി റിപ്പോർട്ടുണ്ടായിരുന്നു.മോദി സര്‍ക്കാരിന്‍റെ 9 വര്‍ഷത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് ബിജെപി ജനസമ്പര്‍ക്ക പരിപാടി നടത്തുന്നതിനിടയിലാണ് കേരളത്തിലെ കൊഴിഞ്ഞുപോക്ക്.പുതുതായി പ്രമുഖരെ പാർട്ടിയിലേക്ക് എത്തിക്കാൻ സാധിക്കാത്തത് നേതൃത്വത്തിന്റെ പിടിപ്പുകേടാണെന്ന സംസാരവും നിലനിൽക്കുന്നുണ്ട്.