” മഗളിർ ഉറിമൈ തുഗൈ ” മാസം തോറും വീട്ടമ്മമാർക്ക് 1,000 രൂപ.മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

ചെന്നൈ : തമിഴ്നാതമിഴ്‍നാട്ടിൽ വീട്ടമ്മമാർക്ക് 1000 രൂപ മാസ ശമ്പളം നൽകുന്നു. അധികാരത്തിലേറിയതിന് പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങൾ ഓരോന്നോരോന്നായി മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നടപ്പിലാക്കുന്നു.സെപ്തംബർ 15 മുതൽ ശമ്പളവിതരണം നടപ്പാക്കും.

റേഷൻ കാർഡിൽ പേരുള്ള, മറ്റു വരുമാനങ്ങൾ ഒന്നും ഇല്ലാത്തവർക്കാണ് വേതനം നൽകുക. ഒരു കോടി വനിതകൾക്ക് ഇതിൻെറ പ്രയോജനം ലഭിച്ചേക്കും. കുടുംബം നടത്തിക്കൊണ്ടുപോകുന്നതിൽ സ്ത്രീകൾ സഹിക്കുന്ന ത്യാഗം തിരിച്ചറിഞ്ഞാണ് സർക്കാർ മഗളിർ ഉറിമൈ തുഗൈ (സ്ത്രീകൾക്ക് അവകാശപ്പെട്ട പണം) എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നത് എന്ന് സ്റ്റാലിൻ നേരത്തെ വ്യക്തമാക്കിയിരുന്നു.വീട്ടമ്മമാരുടെ സാമ്പത്തിക സ്വതന്ത്ര്യം ഉറപ്പാക്കാൻ പദ്ധതി സഹായകരമാകും.

7000 കോടി രൂപയാണ് സംസ്ഥാന ബജറ്റിൽ ഇതിനായി വക ഇരുത്തിയത്.അർഹരായവരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം എത്തും. ഡിഎംകെ സർക്കാർ മൂന്നാം വർഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാർക്കുള്ള ശമ്പള വാഗ്ദാനം സ്റ്റാലിൻ നടപ്പിലാക്കുന്നത്.സ്ത്രീകൾക്ക് ബസിൽ സൗജന്യ യാത്ര, പാൽ വില ഇളവ്, ദളിതർക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ക്ഷേമപദ്ധതികൾ, വീട്ടമ്മമാർക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങളെല്ലാം ഡിഎംകെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ നടത്തിയിരുന്നു.

ഈ ജനപ്രിയ പ്രഖ്യാപനങ്ങളിൽ പലതും അധികാരത്തിലേറിയതിന് പിന്നാലെ സ്റ്റാലിൻ നടപ്പിലാക്കിത്തുടങ്ങി.സ്കൂൾ വിദ്യാർത്ഥികൾക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാർക്ക് ഗാർഹിക ജോലികൾക്ക് ശമ്പളം നൽകാനുള്ള പദ്ധതിയുമാണ് ഇതിൽ കൂടുതൽ ജനപ്രീതി നേടിയത്.