വാഷിംഗ്‌ടൺ : സമുദ്രപേടകം ടൈറ്റൺ പൊട്ടിത്തകർന്ന് മരിച്ചവരുടെ ശരീരഭാഗങ്ങൾ കടലിന്റെ അടിത്തട്ടിൽ നിന്ന് ലഭിച്ചതായി യുഎസ് കോസ്റ്റ് ഗാർഡിനെ ഉദ്ധരിച്ച് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ടൈറ്റൻ പേടകത്തിൻ്റെ കൂടുതൽ ഭാഗങ്ങൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
. ഓഷ്യൻഗേറ്റ് സിഇഒ സ്റ്റോക്ക്‌ടൺ റഷ്, ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാർഡിംഗ്, പ്രശസ്ത ഫ്രഞ്ച് ഡൈവർ പോൾ – ഹെൻറി നർഗോലെറ്റ്, പാകിസ്താൻ വ്യവസായി ഷഹ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ 19കാരനായ മകൻ സുലെമാൻ എന്നിവരായിരുന്നു ടൈറ്റാനിക് കപ്പൽ കാണാൻ ടൈറ്റൺ പേടകത്തിൽ പോയ അഞ്ച് പേർ
മെഡിക്കൽ വിദഗ്‌ദരുടെ കൂടുതൽ വിശകലനത്തിനായി ശരീരഭാഗങ്ങൾ ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിൽ നിന്ന് കോസ്റ്റ് ഗാർഡ് കട്ടറിലുള്ള യുഎസ് തുറമുഖത്തേക്ക് മാറ്റും. അമേരിക്കയിൽ നിന്നുള്ള വിദഗ്‌ദ സംഘം ടൈറ്റൺ പേടകത്തിൽ നിന്ന് മൃതദേഹങ്ങളുടെ ഭാഗങ്ങൾ വീണ്ടെടുത്ത് പരിശോധന നടത്തും.ടൈറ്റൺ പൊട്ടിത്തകരാനുണ്ടായ കാര്യങ്ങൾ മനസിലാക്കാനും ഇത്തരത്തിലുള്ള ദുരന്തം ആവർത്തിക്കാതിരിക്കാനും ലഭ്യമായ വസ്തുക്കളുടെ പരിശോധന സഹായിക്കുമെന്ന് യുഎസിൻ്റെ തെരച്ചിൽ സംഘത്തിന് നേതൃത്വം നൽകിയ ക്യാപ്റ്റൻ ജേസൺ പറഞ്ഞു.
കടലിൻ്റെ അടിത്തട്ടിലേക്ക് യാത്ര ചെയ്യുന്നതിനിടെ മർദ്ദത്തെത്തുടർന്ന് ടൈറ്റൺ പേടകം ഉൾവലിഞ്ഞ് പൊട്ടിത്തകരുകയായിരുന്നു.കാർബൺ ഫൈബറും ടൈറ്റാനിയവും കൊണ്ടാണ് ടൈറ്റൻ നിർമ്മിച്ചിരുന്നത്. അഞ്ച് പേർക്ക് യാത്ര ചെയ്യാവുന്ന പേടകത്തിൻ്റെ ഭാരം 23,000 പൗണ്ട് ആണ്.യാത്ര ആരംഭിച്ച് ഒരു മണിക്കൂറിന് ശേഷം പേടകം തകർന്നുവെന്നാണ് റിപ്പോർട്ട്.. പിൻഭാഗത്തെ കോണാകൃതിയിലുള്ള ഭാഗമാണ് ആഭ്യം കണ്ടെത്തിയത്.