സുരേഷ് ഗോപി കേന്ദ്ര മന്ത്രിസഭയിലേക്ക്

ന്യൂഡൽഹി: നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയെ കേന്ദ്ര മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് സൂചന. ബുധനാഴ്ച ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ ജെ.പി.നഡ്ഡ തുടങ്ങിയവർ മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

2014ലാണ് സുരേഷ് ഗോപിയെ രാജ്യസഭാംഗമായി ബിജെപി തിരഞ്ഞെടുത്തത്. 019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപി തൃശൂരിൽ നിന്നാണ് മത്സരിച്ചത്. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലും തൃശൂർ തന്നെയാകും സുരേഷ് ഗോപിയുടെ തട്ടകം. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് വിശാല മന്ത്രിസഭാ യോഗം തിങ്കളാഴ്ച വൈകീട്ട് ചേരും.

കേരളത്തിലെ 140 അംഗ നിയമസഭയിൽ ഒരു പ്രതിനിധി പോലും ബിജെപിക്ക് ഇല്ലെന്നത് പാർട്ടിയെ വല്ലാതെ അലട്ടുന്നുണ്ട്. ഇതോടെയാണ് സുരേഷ് ഗോപിയെ വീണ്ടും രംഗത്തിറക്കാൻ പാർട്ടി ശ്രമം നടത്തുന്നത്.