ദേശീയ ഡോക്‌ടേഴ്‌സ് ദിനത്തിൽ ഡോക്ടർക്ക് ക്രൂരമർദ്ദനം; 2 പേരെ അറസ്റ്റ് ചെയ്തു

കൊച്ചി: ദേശീയ ഡോക്ടേഴ്സ് ദിനത്തിൽ എറണാകുളത്ത് ഡോക്ടർക്ക് നേരെ ആക്രമണം.വനിതാ ഡോക്ടറെ ശല്യം ചെയ്തത് ചോദ്യം ചെയ്തതിന്റെ പേരിൽ എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.ഹരീഷ് മുഹമ്മദിനാണ് മർദ്ദനമേറ്റത്.ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.സംഭവത്തിൽ ജോസ്‌മിൽ, റോഷൻ എന്നീ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

രോഗിയെ കാണാനെത്തിയ ജോസ്‌മിൽ, റോഷൻ എന്നിവർ വനിതാ ഡോക്ടറെ ശല്യം ചെയ്തത് ഡോക്ടർ ഹരീഷ് ചോദ്യം ചെയ്യുകയും പിന്നീട് പ്രശ്നം പരിഹരിച്ച് പ്രതികൾ സ്ഥലത്ത് നിന്ന് പോകുകയും ചെയ്തു. പിന്നീട് ഹൗസ് സർജൻമാർ വിശ്രമിക്കുന്ന സ്ഥലത്തെത്തി ഹരീഷിനെ പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

വനിതാ ഡോക്ടറെ പ്രതികൾ രണ്ടുതവണ ശല്യം ചെയ്തിരുന്നു.ഇത് ചോദ്യം ചെയ്ത ഡോക്ടർ ഹരീഷിനെ പിന്തുടർന്ന് ആസൂത്രിതമായി ആക്രമണം നടത്തുകയായിരുന്നുവെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു.ആരോഗ്യപ്രവർത്തകരെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്ന പ്രതികളെ കോടതിയിൽ ഹാജരാക്കും.