വള്ളംകളി സീസണ് തുടക്കം കുറിച്ച് കൊണ്ട് ചമ്പക്കുളത്താറ്റിൽ മൂലം വള്ളംകളി

ആലപ്പുഴ: സംസ്ഥാനത്ത് വള്ളംകളി സീസണിന് തുടക്കമിട്ട് ചമ്പക്കുളം മൂലം ജലോത്സവം ആരംഭിച്ചു. ആദ്യ ഹീറ്റ്സിൽ ആയാപറമ്പ് ബോട്ട് ക്ലബ് തുഴഞ്ഞ ആയാപറമ്പ് വലിയ ദിവാൻജി വിജയിച്ചു. കേരള പൊലീസ് തുഴഞ്ഞ ജവഹർ തായങ്കരിയെയാണ് അവർ തോൽപ്പിച്ചത്. രണ്ടാം ഹീറ്റ്സിൽ ചെറുതന ചുണ്ടനും മൂന്നാം ഹീറ്റ്സിൽ നടുഭാഗം ചുണ്ടനും വിജയിച്ചു.

ചമ്പക്കുളത്താറ്റിൽ നടക്കുന്ന ആവേശപ്പോരാട്ടത്തിനാണ് തുടക്കമായത്. ആലപ്പുഴ കളക്ടർ ഹരിത വി കുമാർ പതാക ഉയർത്തിയതോടെയാണ് ഉദ്ഘാടനം ചടങ്ങ് ആരംഭിച്ചത്. വള്ളംകളി കൃഷിമന്ത്രി പി പ്രസാദാണ് ഉദ്ഘാടനം ചെയ്തത്. ഇന്ന് രാവിലെ 11.30ന് മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും തിരുവിതാംകൂർ ദേവസ്വം അധികൃതർ ചടങ്ങുകൾ നടത്തിയിരുന്നു. ഉദ്ഘാടന ചടങ്ങിൽ തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനായി.