ഞാറ്റുവേല ചന്തയും കർഷകസഭകളും: കാർഷകപ്രദർശന വിപണനമേള ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : പരമ്പരാഗത കൃഷി രീതികൾ പരിചയപ്പെടുത്തുന്ന ഞാറ്റുവേല ചന്തയുടെയും കർഷകസഭകളുടെയും സമാപന സമ്മേളനത്തോടനുബന്ധിച്ച് നടത്തുന്ന കാർഷിക പ്രദർശന മേളയുടെ ഉദ്ഘാടനം തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയർ പി കെ രാജു നിർവഹിച്ചു. സംസ്ഥാന കൃഷിവകുപ്പിന്റെ ആഭിമുഖ്യത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിന് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിൽകുമാർ എസ് അധ്യക്ഷത വഹിച്ചു.

കൃഷിവകുപ്പ് ഫാമുകൾ, കേരള കാർഷിക സർവകലാശാല, തിരുവനന്തപുരം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കൃഷി കൂട്ടങ്ങൾ, കാർഷികോത്പാദന സംഘടനകൾ, വി എഫ് പി സി കെ, സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖല സ്ഥാപനങ്ങൾ, കൃഷി വിജ്ഞാനകേന്ദ്രങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും, കാർഷികോല്പന്നങ്ങളുടെ വിപണനവും ഒരുക്കിയിട്ടുണ്ട്. കർഷകരുടെ കൃഷിയിടങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനുള്ള സൗകര്യവും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ജൈവ ഉൽപാദനോപാധികൾ, സങ്കരയിനം പച്ചക്കറി തൈകൾ/ വിത്തുകൾ, സങ്കരയിനം തെങ്ങിൻ തൈകൾ, വിവിധയിനം നാടൻ പച്ചക്കറികൾ തുടങ്ങിയവയ്ക്ക് പുറമേ വിപണിയിൽ സുലഭമമല്ലാത്ത പൊപൗലു ഇനം വാഴക്കുലയും വിദേശയിനം ഓസ്ട്രേലിയൻ ബട്ടർ നട്ടും മേളയുടെ ആകർഷണങ്ങളാണ്.

നടീൽ വസ്തുക്കളുടെ കൈമാറ്റം കൃഷിക്കൂട്ട ഉൽപന്ന പ്രദർശനം, വിവിധ വിഷയങ്ങളിൽ കാർഷിക സെമിനാറുകൾ എന്നിവയോടൊപ്പം കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്.