കടയിൽ അതിക്രമിച്ച് കയറി കടയുടമയേയും ഭാര്യയേയും മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ

കൊല്ലം: കടയിൽ അതിക്രമിച്ച് കയറി കടയുടമയേയും ഭാര്യയേയും മർദ്ദിച്ച് പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ.പത്തനംതിട്ട ജില്ലയിൽ പ്രമാടം ട വില്ലേജിൽ വെട്ടൂർകാട്ടിൽ വീട്ടിൽ പ്രസാദ് മകൻ പ്രവീൺ(24), പത്തനംതിട്ട ജില്ലയിൽ, തണ്ണിത്തോട് വില്ലേജിൽ സോമരാജൻ മകൻ ശ്രീക്കുട്ടൻ (22) എന്നിവരാണ് കരുനാഗപ്പള്ളി പോലീസിൻറെ പിടിയിലായത്.കുലശേഖരപുരം, കോട്ടയ്ക്കപുറം പുതുമണ്ണേൽ വീട്ടിൽ ഉദയകുമാറിനും ഭാര്യയ്ക്കുമാണ് മർദ്ദനമേറ്റത്.

വള്ളിക്കാവ് ബോട്ട് ജെട്ടിക്ക് സമീപമുള്ള ഉദയകുമാറിൻറെ കടയിൽ ഞായറാഴ്ച വൈകിട്ട് സിഗരറ്റ് വാങ്ങിയ പ്രവീണിനോടും ശ്രീക്കുട്ടനോടും സിഗരറ്റിൻറെ വില ഗൂഗിൾ പേ ആയി നൽകാതെ പണമായി നൽകണമെന്ന് കടയുടമയായ ഉദയകുമാർ ആവശ്യപ്പെട്ടതാണ് ഇരുവരെയും പ്രകോപിപ്പിച്ചത്.ഇത് കേട്ട് ദേഷ്യത്തോടെ പ്രതികൾ ഉടമയെ ചീത്തവിളിക്കുകയും മർദ്ദിക്കുകയും ചെയ്തു. മർദ്ദനത്തെ എതിർക്കാൻ ശ്രമിച്ച ഉടമയെ പ്രതികൾ തറയിലേയ്ക്ക് തള്ളിയിട്ടു ചവിട്ടി പരിക്കേൽപ്പിച്ച ശേഷം കത്തി ഉപയോ​ഗിച്ച് നെഞ്ചിൽ കുത്തി പരിക്കേൽപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അക്രമം തടയാൻ ശ്രമിച്ച ഉദയകുമാറിൻറെ ഭാര്യയേയും ഭാര്യയുടെ തലയിൽ പരിക്കേറ്റു.

പോലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയ ശേഷം പ്രതികൾ കടന്ന് കളഞ്ഞു . ഉ​ദയകുമാർ കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.