നിരത്തുകളിലെ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31 നകം സ്ഥാപിക്കണം, മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ മുന്നറിയിപ്പ് ബോർഡുകൾ ജൂലൈ 31-നകം സ്ഥാപിക്കാൻ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. വിവിധതരത്തിൽപ്പെട്ട വാഹനങ്ങളുടെ വേഗപരിധി സൂചിപ്പിക്കുന്ന ബോർഡുകൾ യാത്രക്കാർക്ക് മനസ്സിലാകുന്ന വിധമാണ് തയ്യാറാക്കേണ്ടതെന്നും കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ തീരുമാനമായി.

എ.ഐ. ക്യാമറ സ്ഥാപിച്ചതിനു ശേഷം സംസ്ഥാനത്ത് റോഡ് അപകടമരണ നിരക്കിൽ ഗണ്യമായ കുറവുണ്ടായെന്ന് ആൻ്റണി രാജു പറഞ്ഞു.കഴിഞ്ഞ വർഷം ജൂൺ മാസവുമായി താരതമ്യം ചെയ്യുമ്പോൾ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ഒരു മാസത്തിനുള്ളിൽ 204 വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചു.ക്യാമറകൾ പ്രവർത്തനം ആരംഭിച്ചത്തിന് ശേഷം ഏറ്റവും കൂടുതൽ നിയമലംഘനങ്ങൾ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനങ്ങളോടിച്ചതാണ്.അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങൾ NIC വാഹൻ സോഫ്റ്റ് വെയറിൽ ഉൾപ്പെടുത്തിയതിനാൽ അവയുടെ നിയമ ലംഘനങ്ങൾക്കും പിഴ ഈടാക്കുമെന്ന് ആൻ്റണി രാജു പറഞ്ഞു

നിരപരാധികൾ പിഴ ഒടുക്കേണ്ടി വരുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിന് സൂക്ഷ്മ പരിശോധനയ്ക്കായി ജില്ലാതല മോനിട്ടറിംഗ് കമ്മിറ്റി രൂപീകരിക്കുവാൻ റോഡ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തി. പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ ഓഗസ്റ്റ് 5 മുതൽ പ്രാബല്യത്തിൽ വരും.റോഡ് വീതി കൂട്ടിയതിനെത്തുടർന്ന് മാറ്റിയ 16 ക്യാമറകളിൽ 10 എണ്ണം ഈ മാസം തന്നെ പുനഃസ്ഥാപിക്കും.