സ്വർണ്ണമല്ല,തക്കാളിയാണ്, കർണാടക തോട്ടത്തിൽ തക്കാളി മോഷണം

ബെംഗളൂരു: ബേലൂർ താലൂക്കിൽപ്പെടുന്ന സോമനഹള്ളിയിലെ സ്വകാര്യ തോട്ടത്തിൽ നിന്ന് രണ്ട് ദിവസത്തിനുള്ളിൽ വിപണിയിലെത്തിക്കാനുള്ള തക്കാളികൾ മോഷണം പോയി.മോഷണം പോയ തക്കാളികൾക്ക് ഒന്നരലക്ഷത്തോളം രൂപ വില വരുമെന്ന് .തോട്ടം ഉടമ ധരണി പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം.

തോട്ടം ഉടമ ധരണി ബുധനാഴ്ച രാവിലെ തോട്ടത്തിലെത്തിയപ്പോഴാണ് ഞെട്ടിക്കുന്ന കാഴ്ച കണ്ടത്. തക്കാളിച്ചെടികൾ ഭൂരിഭാഗവും ഒടിഞ്ഞനിലയിലായിരുന്നു. വിളഞ്ഞ തക്കാളി തിരഞ്ഞുപിടിച്ച് പറിച്ചെടുത്താണ് കള്ളന്മാർ കടന്നത്.ഏകദേശം 50-60 ചാക്കുകളുമായി ഫാമിൽ കയറിയ മോഷ്ടാക്കൾ ഒന്നരലക്ഷം വിലവരുന്ന തക്കാളികൾ ഇതിൽ നിറച്ച് കടന്നുകളയുകയായിരുന്നെന്ന ധരണിയുടെ പരാതിയിൽ ഹലേബീഡു പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

തോട്ടത്തെക്കുറിച്ചും സമീപപ്രദേശത്തെക്കുറിച്ചും അറിയുന്നവരാണ് മോഷണത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കിലോയ്ക്ക് 100 മുതൽ 120 വരെ രൂപയായിരുന്നു ഇന്നലെ ബെഗളൂരുവിൽ തക്കാളിയുടെ വില.സമീപപ്രദേശങ്ങളിലെയും ടോൾബൂത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചുവരുകയാണ്