വരകളുടെ മാന്ത്രികൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരി യാത്രയായി,

തൃശൂർ : വരകളുടെ മാന്ത്രികൻ ആര്‍ട്ടിസ്റ്റ് നമ്പൂതിരി അന്തരിച്ചു.മലയാളിയുടെ സാഹിത്യ രുചികൾക്ക് ആസ്വാദനത്തിന്റെ മാസ്മരിക തലങ്ങൾ വരകളിലൂടെ സൃഷ്‌ടിച്ച മഹാ പ്രതിഭ ആര്‍ട്ടിസ്റ്റ് നമ്പൂതിരി എന്ന കരുവാട്ട് മന വാസുദേവന്‍ നമ്പൂതിരി (97 ) വാര്‍ധക്യസഹജമായ രോഗങ്ങളാല്‍ ചികിത്സയിൽ കഴിയവേ മലപ്പുറം കോട്ടക്കല്‍ മിംസ് ആശുപത്രിയില്‍ രാത്രി 12.21 നു മരണപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെ എടപ്പാൾ നടുവട്ടത്തെ വീട്ടിലും 3 മണി വരെ തൃശൂർ ലളിത കലാ അക്കാദമി ഹാളിലും പൊതു ദർശനവും , വൈകിട്ട് 5.30 ഓടെ എടപ്പാളിലെ വീട്ടു വളപ്പിൽ സംസ്കാരവും നടക്കും.ഇളയ മകന്‍ വാസുദേവനും കുടുംബത്തിനുമൊപ്പം എടപ്പാള്‍ നടുവട്ടത്തെ വീട്ടിലായിരുന്നു താമസം.

സെപ്തംബര്‍ 13ന് പൊന്നാനി കരുവാട്ടില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്‍റെയും മകനായാണ് ജനനം. ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ കീഴിലായിരുന്നു ചിത്രകലാ പഠനം.ചെന്നൈയിലെ ഗവ. കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍നിന്ന് ചിത്രകല അഭ്യസിച്ചു. റോയ് ചൗധരി, കെ സി എസ് പണിക്കര്‍ തുടങ്ങിയ പ്രമുഖരുടെ ശിഷ്യത്വം സ്വീകരിച്ചു ചിത്രകലാ പഠനം പൂർത്തിയാക്കി 1960 മുതല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വരച്ചുതുടങ്ങി.

എൻ വി വാര്യർ ,.തകഴി, എസ് കെ പൊറ്റെക്കാട്ട്, എം ടി, വി കെ എന്‍, പുനത്തില്‍ കുഞ്ഞബ്ദുള്ള തുടങ്ങിയ പ്രമുഖരുടെ നോവലുകള്‍ക്കും കഥകള്‍ക്കും വരച്ച ചിത്രങ്ങൾ ആ രചനകളോളം തന്നെ പ്രശസ്തമായി. ആനുകാലികങ്ങളിലൂടെയുള്ള നമ്പൂതിരിയുടെ വര വായനക്കാരുടെ ലോകത്തെ കഥാപാത്രങ്ങളെ കാഴ്ചയിലൂടെ വിസ്മയിപ്പിച്ചു.എന്റെ ഭീമനെയല്ല നമ്പൂതിരിയുടെ ഭീമനെയാണ് വായനക്കാർ കണ്ടത്’ എന്ന് ‘രണ്ടാമൂഴത്തിന് വരച്ച ചിത്രങ്ങളെക്കുറിച്ച് എം ടി വാസുദേവൻ നായർ പറഞ്ഞു. വികെ എൻ വിശേഷിപ്പിച്ചത് വരയുടെ പരമശിവൻ എന്നാണ്.

അരവിന്ദന്‍ ,പദ്‌മരാജൻ തുടങ്ങിയവരുമായി സിനിമയിലും പ്രവർത്തിച്ചു.അരവിന്ദന്റെ ഉത്തരായണത്തിന് കലാസംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.ലളിതകലാ അക്കാദമി പുരസ്കാരം,. സംസ്ഥാന ബാലസാഹിത്യ പുരസ്കാരം, സഹോദരൻ അയ്യപ്പൻ പുരസ്കാരം ,ബഷീർ പുരസ്കാരം രാജാരവിവര്‍മ പുരസ്കാരവും നല്‍കി ആദരിച്ചു.കലാമണ്ഡലത്തിനുവേണ്ടി ഫൈബര്‍ ഗ്ലാസില്‍ ചെയ്ത കഥകളി ശില്പങ്ങളും ചെമ്പുഫലകങ്ങളില്‍ വന്ന മഹാഭാരതവും രാമായണവും വിഖ്യാത പരമ്പരകളും രാജ്യാന്തര ശ്രദ്ധനേടി. ആത്മകഥാംശമുള്ള ‘രേഖകള്‍’ എന്ന പുസ്തകം പുറത്തിക്കി.

കഥകളി നര്‍ത്തകരെക്കുറിച്ചുള്ള ചിത്രശേഖരം വളരെ ശ്രദ്ധേയമാണ്.ഭാഷാപോഷിണിയില്‍ ആത്മകഥ പ്രസിദ്ധീകരിച്ചു.കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയവയും വരകൾ കൊണ്ട് സമ്പന്നമാക്കി.

ഭാര്യ മൃണാളിനി. മക്കള്‍: പരമേശ്വരന്‍, വാസുദേവന്‍. മരുമക്കള്‍: ഉമ, സരിത.