അമ്മയെ തലയ്ക്കടിച്ചു കൊന്ന മകനെ പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ച് കീഴ്‌പ്പെടുത്തി

കൊച്ചി: മണിക്കൂറുകളോളം കൊലവിളി നടത്തിയതിനുശേഷം കൊച്ചിയിൽ ഫ്ലാറ്റിനുള്ളിൽ മകൻ അമ്മയെ തലയ്ക്കടിച്ചു കൊന്നു.മരട് സ്വദേശിയായ അച്ചാമ്മ (73)യാണ് കൊല്ലപ്പെട്ടത്. മകൻ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് മുളകുപൊടിയെറിഞ്ഞ് ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്.

ചമ്പക്കരയിലെ ഫ്ലാറ്റിന്റെ വാതിലടച്ച് അമ്മയ്ക്ക് നേരെ കൊലവിളി മുഴക്കിയ മകനെ അനുനയിപ്പിക്കാൻ സമീപത്തെ ഫ്ലാറ്റിലുള്ളവർ ശ്രമിച്ചിരുന്നുവെങ്കിലും വിജയിച്ചില്ല.ഒരു കൊറിയറുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് അമ്മയും മകനും ഇന്നലെ വൈകിട്ട് മുതൽ തർക്കം നടക്കുന്നുണ്ട് എന്നാണ് സമീപത്തുള്ളവർ പറയുന്നത്.ഇന്ന് ഉച്ചയ്ക്കും ഇരുവരും തമ്മിൽ തർക്കം തുടരുന്നത് കണ്ട അടുത്ത ഫ്ലാറ്റുകാർ പോലീസിനെ വിളിച്ച് അറിയിച്ചില്ലെങ്കിലും അവർ യാതൊരു നടപടിയും സ്വീകരിക്കാൻ തയ്യാറായില്ല എന്നാണ് സമീപത്ത് താമസിക്കുന്ന ആളുകളുടെ ആക്ഷേപം.

ആറ് മണിക്ക് ഫ്ലാറ്റിലെത്തിയ പൊലീസ് ഫ്ലാറ്റ് അസോസിയേഷന്റെ ഭാരവാഹികളിൽ നിന്നും രേഖാമൂലം പരാതി എഴുതിവാങ്ങിയ ശേഷം ഫ്ലാറ്റിനുള്ളിലേക്ക് കയറുമ്പോഴേക്കും അമ്മയെ വിനോദ് കൊലപ്പെടുത്തിയിരുന്നു.