പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂർവ്വ രോഗം ബാധിച്ച് 15 കാരന്‍ മരിച്ചു.

ആലപ്പുഴ: അപൂര്‍വ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് എന്ന അപൂർവ്വ രോഗം ബാധിച്ച് ആലപ്പുഴയിൽ 15 കാരന്‍ മരിച്ചു. പാണാവള്ളി കിഴക്കേ മായിത്തറ അനിൽ കുമാറിന്‍റെയും ശാലിനിയുടെയും മകൻ ഗുരുദത്ത് (15) കഴിഞ്ഞ ഞായർ മുതൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.തോട്ടിൽ കുളിച്ചതിനെ തുടർന്നാണ് രോഗമുണ്ടായതെന്നാണ് വിവരം.

പരാദ സ്വഭാവമില്ലാതെ ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തിൽപ്പെടുന്ന രോഗാണുക്കൾ നീർച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യന്‍റെ ശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന എൻകഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു.ചെളി നിറഞ്ഞ ജലാശയങ്ങളിൽ കണ്ടുവരുന്ന നെയ്ഗ്ലെറിയ ഫൗളറി മനുഷ്യർ മുങ്ങിക്കുളിക്കുമ്പോൾ മൂക്കിലൂടെ ശിരസിലെത്തി തലച്ചോറിൽ അണുബാധയുണ്ടാക്കുന്നതാണ് മാരകമാകുന്നതെന്നു ഡോക്ടർമാർ പറഞ്ഞു.

2017 ൽ ആലപ്പുഴ മുനിസിപ്പാലിറ്റി പ്രദേശത്താണ് ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തത്.
പനി,തലവേദന, ഛർദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങൾ. മലിനമായ വെള്ളത്തിൽ മുങ്ങി കുളിക്കുന്നതും മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തിൽ കഴുകുന്നതും രോഗം വരാൻ കാരണമാകും.മഴ തുടങ്ങുമ്പോൾ ഉറവ എടുക്കുന്ന നീർചാലുകളിൽ കുളിക്കാതിരിക്കാനും മലിനജലം കെട്ടിക്കിടക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡിഎംഒ അറിയിച്ചു.