ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാ മൂടി കെട്ടിയ മുഖ ചിത്രവുമായി ബ്രിട്ടീഷ് ഹെറാൾഡ് മാഗസിൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാ മൂടി കെട്ടിയ മുഖ ചിത്രവുമായി ബ്രിട്ടീഷ് ഹെറാൾഡ് മാഗസിൻ.ഇന്ത്യയിൽ ജനാധിപത്യവും അഭിപ്രായ സ്വാതന്ത്ര്യവും നേരിടുന്ന വെല്ലുവിളികൾ ചൂണ്ടിക്കാട്ടി ജൂലൈ ലക്കം പ്രസിദ്ധീകരിക്കുന്ന കവർ സ്റ്റോറിയുമായി ബന്ധപ്പെട്ടാണ് ഇങ്ങനെയൊരു ചിത്രം മാഗസിന്റെ കവർ പേജിൽ വന്നത്.

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാ മൂടി കെട്ടിയ മുഖ ചിത്രത്തോടൊപ്പം കത്തിയെരിയുന്ന ജനാധിപത്യത്തിന്റെ പ്രതീകങ്ങളെ ചിത്രം കാണിക്കുന്നു.ജനാധിപത്യം ആശങ്കയിൽ, കർശന നിയന്ത്രണങ്ങളും ന്യൂന പക്ഷങ്ങൾക്കെതിരായുള്ള ആക്രമണങ്ങളും ഇന്ത്യയിൽ അപായ മണി മുഴക്കുന്നു എന്ന തലക്കെട്ടിലാണ് പുതിയ ലേഖനം പ്രസിദ്ധീകരിച്ചത്.

ഒരു രാജ്യത്തിൻറെ മഹത്വം അളക്കുന്നത് ഏറ്റവും ദുർബലരായ ജനത്തോട് അത് എങ്ങിനെ പെരുമാറുന്നു എന്ന് നോക്കിയാണ് എന്ന മഹാത്മാഗാന്ധിയുടെ വാക്കുകൾ മാഗസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കു വെച്ചാണ് കവർ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.രാജ്യത്ത് ന്യൂന പക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ, അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള കടുത്ത നിയന്ത്രണങ്ങൾ,പ്രധാന വിഷയങ്ങളിൽ പ്രധാന മന്ത്രി കാണിക്കുന്ന മൗനം എന്നിവയാണ് ലേഖനത്തിൽ പറയുന്നത്.

മോദിക്കെതിരായി ഡോക്യൂമെന്ററി കാണിച്ച ബി ബി സി യ്ക്കെതിരെ കേന്ദ്ര സർക്കാർ കാണിച്ച സമീപനത്തെ ക്കുറിച്ചും ലേഖനത്തിൽ പറയുന്നു.എട്ടു വർഷത്തിന് ശേഷം ആദ്യമായാണ് മോദി അമേരിക്കയിൽ വെച്ച് മാധ്യമങ്ങളെ കണ്ടതെന്നും ലേഖനം പറയുന്നു.2019 ജൂണിലെ മാഗസിനിൽ മോദിയെ ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവായി ബ്രിട്ടീഷ് ഹെറാൾഡിന്റെ വെബ്‌സൈറ്റ് വോട്ടെടുപ്പിലൂടെ പ്രഖ്യാപിച്ചിരുന്നത് ഇന്ന് ചർച്ചയാവുന്നു.