ഓഫിസിൽ കടന്നുകയറി വാളുപയോഗിച്ച് വെട്ടി: മലയാളി സിഇഒയ്ക്കും എംഡിക്കും ദാരുണാന്ത്യം

ബെംഗളൂരു ∙ ഐടി കമ്പനിയുടെ മലയാളിയായ സിഇഒയെയും മാനേജിങ് ഡയറക്ടറെയും ‌‌‌മുൻ ജീവനക്കാരൻ വെട്ടിക്കൊന്നു. ഇന്റർനെറ്റ് സേവന കമ്പനിയായ എയറോണിക്സ് മീഡിയയുടെ സിഇഒ കോട്ടയം പനച്ചിക്കാട് കുഴിമറ്റം രുക്മിണി വിലാസത്തിൽ ആർ.വിനുകുമാർ (47), എംഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണു മരിച്ചത്.

ഇന്നലെ വൈകിട്ട് 4 മണിയോടെയാണു നഗരത്തെ ഞെട്ടിച്ച സംഭവം നടന്നത്. അമൃതഹള്ളി പമ്പാ എക്സ്റ്റൻഷനിലെ കമ്പനി ഓഫിസിൽ കടന്നുകയറി ഇവരെ വാളുപയോഗിച്ചു വെട്ടിക്കൊന്ന ഫെലിക്സ് എന്നയാൾക്കായി പൊലീസ് തിരച്ചിൽ വ്യാപിപ്പിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയാണ് ഇരുവരും മരിച്ചത്. എയറോണിക്സ് മീഡിയയിൽ നേരത്തേ ജോലി ചെയ്തിരുന്ന ഫെലിക്സ് മറ്റൊരു ഇന്റർനെറ്റ് കമ്പനിക്കു രൂപം നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വൈരമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.