എന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ,യഥാർത്ഥ പ്രതികൾ ഇപ്പോഴും കേസിന് പുറത്താണ്.പ്രൊഫസര്‍ ടി.ജെ ജോസഫ്

കൊച്ചി : തൊടുപുഴ ന്യൂമാൻ കോളേജിലെ പ്രൊഫസറായിരുന്ന ടിജെ ജോസഫിൻറെ കൈ വെട്ടിയെ കേസിന്റെ രണ്ടാം ഘട്ട വിചാരണയിൽ ആറ് പേരും കുറ്റക്കാരെന്ന് കൊച്ചി എൻഐഎ കോടതി.വധശ്രമം,ഭീകര പ്രവർത്തനം, ഗൂഢാലോചന എന്നിവയുൾപ്പടെ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. സജിൽ, നാസർ, നജീബ്,നൗഷാദ്‌,മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരാണ് കുറ്റക്കാർ,നാലാം പ്രതി ഷഫീഖ്, അസീസ്, സുബൈർ, മുഹമ്മദ് റാഫി, മൻസൂർ എന്നിവരെ വെറുതെ വിട്ടു.

നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമം, കുറ്റകരമായ ഗൂഢാലോചന, മാരകായുധങ്ങൾ ഉപയോഗിച്ചു ഗുരുതരമായി പരുക്കേൽപ്പിക്കൽ, സ്ഫോടക വസ്തു നിയമം, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി ക്രൈംബ്രാഞ്ചും എൻ.ഐ.എ.യും അറസ്റ്റു ചെയ്ത 29 പ്രതികളെ 2013 ഏപ്രിൽ 17-ന് എൻ.ഐ.എ. പ്രത്യേക കോടതിയിൽ ഹാജരാക്കി. വിചാരണ പൂർത്തിയാക്കിയ കൊച്ചിയിലെ എൻ.ഐ.എ. കോടതി 2015 ഏപ്രിൽ 30-ന്‌ വിധിപറഞ്ഞു. 31 പ്രതികളിൽ 13 പേരെയും ശിക്ഷിച്ചു. 18 പേരെ വിട്ടയച്ചു.

2010 ജൂലൈ 4-ന് മൂവാറ്റുപുഴയിലെ നിർമ്മല കോളേജിനടുത്തുവച്ചാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാളം പ്രഫസറായിരുന്ന ടി.ജെ. ജോസഫിൻറെ വലത് കൈപ്പത്തി, മതനിന്ദ ആരോപിച്ച് പോപ്പുലർ ഫ്രണ്ട് ഓഫ് ഇൻഡ്യ, എസ്.ഡി.പി.ഐ പ്രവർത്തകർ വെട്ടിമാറ്റിയത്. അധ്യാപകൻ തയ്യാറാക്കിയ ചോദ്യപ്പേപ്പറിൽ പ്രവാചകനിന്ദയുണ്ടെന്ന്‌ ആരോപിച്ചായിരുന്നു ആക്രമണം.

കൈവെട്ട് കേസിലെ രണ്ടാം ഘട്ട വിധി പ്രസ്താവത്തിന് പിന്നാലെ പ്രതികളെ ശിക്ഷിക്കുന്നതാണ് ഇരയ്ക്ക് കിട്ടുന്ന നീതി എന്ന അഭിപ്രായം തനിക്കില്ലെന്ന് പ്രൊഫസര്‍ ടി.ജെ ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.എന്നെ ആക്രമിച്ചവർ വെറും ആയുധങ്ങൾ മാത്രം. യഥാർത്ഥ പ്രതികൾ ഇതിന് പിന്നിലെ ആസൂത്രകരാണ്, അവർ ഇപ്പോഴും കേസിന് പുറത്താണ്. മനുഷ്യത്വവിരുദ്ധമായ തീരുമാനം എടുക്കാൻ ഉത്ബോധനം നടത്തുന്നവർ എപ്പോഴും കാണാമറയത്താണ്.പ്രതിയെ ശിക്ഷിക്കുക എന്നാൽ ഇരയ്ക്കുള്ള നീതിയല്ല, രാജ്യത്തിന്റെ നിയമം മാത്രമാണ്. പ്രാകൃതമായ വിശ്വാസത്തിന്റെ ഇരകളാണ് എന്നെ വെട്ടിയ പ്രതികളും. വിശ്വാസത്തിന്റെ അടിമത്തത്തിൽ നിന്ന് അവർ മാറിചിന്തിക്കട്ടെ.ടി.ജെ ജോസഫ് പ്രതികരിച്ചു.

തന്നെ ആക്രമിക്കാൻ ഗൂഡാലോചന നടത്തിയവർ ഇപ്പോഴും കാണാമറയത്താണ്. അവരാണ് ശരിയായ കുറ്റവാളികൾ. പ്രാകൃത മനുഷ്യരായ അവരെ ആധുനിക ബോധമുള്ളവരാക്കാണം. തന്റെ ജീവിതത്തെ ആരും തകർത്തിട്ടില്ല. പക്ഷേ നഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഏത് യുദ്ധത്തിൽ ജയിക്കുന്ന പോരാളിക്കും നഷ്ടങ്ങൾ ഉണ്ടാകും. മനുഷ്യരെ അടിമയ്ക്കിടുന്ന അല്ലെങ്കിൽ ചങ്ങലയ്ക്കിടുന്ന പ്രാകൃത വിശ്വാസങ്ങളോട് എന്റെ യുദ്ധം തുടരുമെന്നും പ്രൊഫസര്‍ ടി.ജെ ജോസഫ് പറഞ്ഞു.കേസിലെ രണ്ടാം ഘട്ട വിധിയില്‍ ആറ് പേരെ ശിക്ഷിച്ച കൊച്ചി എന്‍ഐഎ കോടതി അഞ്ച് പേരെ വെറുതെ വിട്ടു.