തിരുവനന്തപുരം: ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്നും അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് പെയ്ത കനത്തമഴയെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കാണ് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിച്ചു വരുന്ന പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ജൂലൈ 13ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് വ്യാഴാഴ്ച (2023 ജൂലൈ 13) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകളിൽ എൽപി, യുപി വിഭാഗങ്ങൾക്ക് മാത്രമാണ് ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
ആലപ്പുഴ ജില്ലയിൽ നിലവിൽ 44 ക്യാംപുകളാണ് പ്രവർത്തിക്കുന്നത്.പലസ്ഥലങ്ങളിലും വെള്ളക്കെട്ട് നിലനിൽക്കുന്നതിനാലും ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചുവിടാത്ത സാഹചര്യത്തിലുമാണ് അവധി. പൊതുപരീക്ഷകള്‍ക്കും യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്കും മാറ്റം ഉണ്ടായിരിക്കില്ല.സര്‍ക്കാര്‍ ശമ്പളം നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലെയും അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവനം ജില്ലാ ദുരന്തനിവാരണ അതോറിറ്റി/ അതോറിറ്റി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നപക്ഷം അതത് ഇടങ്ങളില്‍ ലഭ്യമാക്കണമെന്നും പത്തനംതിട്ട കളക്ടറുടെ ഉത്തരവിലുണ്ട്.