പിതൃപുണ്യം തേടി കർക്കടക വാവുബലി ഇന്ന്,വിശ്വാസികൾ ബലിതർപ്പണം നടത്തി

കർക്കടക മാസത്തിലെ കറുത്ത വാവ് ദിവസത്തെ കർക്കടക വാവായ ഇന്ന് പിതൃക്കളുടെ സ്മരണയിൽ വിശ്വാസികൾ ബലിതർപ്പണം നടത്തി.ഇന്നലെ രാത്രി മുതൽ തുടങ്ങിയ ആചാരങ്ങൾ ഇന്ന് ഉച്ചവരെ നീണ്ടുനിൽക്കും. പിതൃസ്മരണയിൽ ആളുകൾ ബലിയർപ്പിക്കാൻ കൂടുതലും എത്തുന്ന ആലുവ, തിരുവല്ലം, വർക്കല എന്നിവിടങ്ങളിൽ രാത്രി മുതൽ തന്നെ വിശ്വാസികൾ എത്തി തുടങ്ങിയിരുന്നു.

കര്‍ക്കടക വാവിന് ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്. ഭൂമിയിലെ ഒരു വര്‍ഷം പിതൃക്കള്‍ക്ക് ഈ ഒരു ദിവസമാണ് എന്നാണ് പറയപ്പെടുന്നത്.ബലിതര്‍പ്പണം കഴിഞ്ഞാല്‍ പിതൃക്കള്‍ക്ക് സദ്യ തയ്യാറാക്കി വിളമ്പും. വിളക്ക് കത്തിച്ച് വെച്ചശേഷം സദ്യ ഇലയിട്ട് ആദ്യം പിതൃക്കള്‍ക്ക് നല്‍കും. അതിനുശേഷമേ വീട്ടുകാര്‍ കഴിക്കുകയുള്ളൂ.

. രാത്രിയോടെ തന്നെ വർക്കല പാപനാശത്തേക്കുള്ള എല്ലാറോഡുകളും വാഹനങ്ങളും ബലിയിടാനെത്തുന്നവരുടെ തിരക്കിലമർന്നു. രാത്രി 10:25 മുതൽ തീരത്ത് ബലിതർപ്പണ ചടങ്ങുകൾ ആരംഭിച്ചു. പഞ്ചാംഗ പ്രകാരം പുലർച്ചെ 3:30 മുതൽ ഉച്ചയ്ക്ക് 12:50 വരെയാണ് വാവ്‌ സമയം. അതുകഴിഞ്ഞും ബലിയിടാം.

‘ഇല്ലം വല്ലം നെല്ലി’ ഈ സ്ഥലങ്ങളിൽ ബലി ഇടുന്നത് ഏറ്റവും ഉത്തമം എന്നാണ് പഴമക്കാർ പറയുന്നത്. ഇല്ലം എന്നു പറഞ്ഞാല്‍ സ്വന്തം വീട്, വല്ലം എന്നു പറയുന്നത് തിരുവല്ലം ക്ഷേത്രം, നെല്ലി എന്നു പറയുന്നത് തിരുനെല്ലി ക്ഷേത്രം.ഈ സ്ഥലങ്ങളിൽ ബലി ഇടുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് സങ്കൽപ്പം.