ജീവിതത്തിന്റെ ഭാഗമാണ്,എങ്ങിനെ പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കും ‘;ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടി

കോട്ടയം : ജീവിതത്തിന്റെ ഭാഗമായ ഒരാളെ എങ്ങിനെ പെട്ടെന്ന് പറിച്ചുമാറ്റാൻ സാധിക്കുമെന്ന് ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി.ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ നിൽക്കുമ്പോൾ പഴയ ഓർമ്മകൾ ഓരോന്നായി മുന്നിലേയ്ക്ക് കടന്നു വരുന്നു.ഒന്നും പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ.ഓർമ്മകൾ വീണ്ടും പുതുക്കിയെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കെ.എം മാണി, ഉമ്മൻ ചാണ്ടി അടക്കമുള്ളവരുമായി ഒറ്റക്കെട്ടായി പ്രവർത്തിച്ചത് വഴി കേരളത്തിന് നന്മ കൈവരിക്കാൻ സാധിച്ചതിന്‍റെ സംതൃപ്തി ജീവിതത്തിലുണ്ട്. ശിഹാബ് തങ്ങൾ ജീവിച്ചിരുന്ന കാലത്ത് ബന്ധം ഊട്ടി ഉറപ്പിക്കാൻ സാധിച്ചത് വലിയ കാര്യമാണ്. ഉമ്മൻചാണ്ടിയെ കുറിച്ച് വാക്കുകൾ പൂർത്തിയാക്കാനാകാതെ കുഞ്ഞാലിക്കുട്ടി വിതുമ്പി.

ആർ എസ് പി നേതാവും എം പിയുമായ എൻ കെ പ്രേമചന്ദ്രൻ എം. പിയും മകനും അബ്ദുൽ വഹാബ് എംപിയും പി കെ കുഞ്ഞാലിക്കുട്ടിക്കൊപ്പം ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു.