ഫെയ്സ്ബുക്കിലെ പരിചയം,കാമുകനെ തേടി രണ്ട മക്കളുടെ അമ്മയായ യുവതി പാകിസ്ഥാനിൽ

രാജസ്ഥാൻ, അൽവാർ :ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനെ വിവാഹം കഴിക്കാൻ രാജസ്ഥാൻ സ്വദേശിയായ യുവതി ഭർത്താവിനെയും രണ്ടു മക്കളേയും ഉപേക്ഷിച്ച് പാകിസ്ഥാനിലെത്തി.ഏതാനും മാസങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന കാമുകൻ നസ്‌റുള്ളയെ വിവാഹം കഴിക്കാനാണ് അഞ്ജു ഇന്ത്യ വിട്ട് പാകിസ്ഥാനിലെ ഖൈബർ പഖ്‌തൂൺ പ്രവിശ്യയിലെത്തിയത്.

ജയ്‌പുരിലേക്ക് പോകുകയാണെന്ന് ഭർത്താവിനോട് കള്ളം പറഞ്ഞാണ് 34 കാരിയായ അഞ്ജു വ്യാഴാഴ്‌ച വീടുവിട്ടിറങ്ങിയത്.പിന്നീട് പാകിസ്ഥാനിലെത്തിയെന്ന വിവരം വീട്ടുകാർക്ക് മനസിലായി.ഓൺലൈനിൽ ആരെങ്കിലുമായി സംസാരിക്കുന്നത് തന്റെ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. അഞ്ജുവിന് 15 വയസുള്ള മകളും ആറ് വയസുള്ള ഒരു മകനും ഉണ്ട്.

അഞ്ജുവിനെ ആദ്യം പാകിസ്ഥാൻ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും യാത്രാരേഖകൾ എല്ലാം കൃത്യമായതിനാൽ വിട്ടയക്കുകയായിരുന്നു.സീനിയർ പോലീസ് ഓഫീസർ മുഷ്ത്താഖ് ഖാബും സ്‌കൗട്ട്സ് മേജറും ചേർന്ന് രേഖകൾ പരിശോധിച്ചതിനു ശേഷമാണ് അഞ്ജുവിനെയും സുഹൃത്തിനെയും വിട്ടയച്ചതെന്ന് ദിർ പോലീസ് സ്‌റ്റേഷനിലെ ഓഫീസർമാരിലൊരാൾ പറഞ്ഞു.അഞ്ജു ഇപ്പോൾ പാക് അധികൃതരുടെ നിരീക്ഷണത്തിലാണ്.

പബ്‌ജി ഗെയിമിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പാകിസ്ഥാൻ സ്വദേശി സീമ ഹൈദൻ ഇന്ത്യൻ പങ്കാളി സച്ചിൻ മീണയെ കാണാൻ നേപ്പാൾ വഴി ഇന്ത്യയിലേക്ക് വന്നത് അടുത്തിടെയാണ്.സീമ ഹൈദറിനെ പാകിസ്ഥാൻ ചാര പ്രവർത്തകയാണെന്ന സംശയത്തെ തുടർന്ന് സീമ ഹൈദറിനെ ഉത്തർപ്രദേശ് പോലീസിന്റെ തീവ്രവാദ വിരുദ്ധ സേന 12 മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ തന്റെ കാമുകൻ സച്ചിൻ മീണയെ കാണാൻ മാത്രമാണ് താൻ ഇന്ത്യയിലെത്തിയതെന്നാണ് സീമ ഹൈദർ ആവർത്തിച്ചത്.

സീമ ഹൈദർ നിയമവിരുദ്ധമായാണ് ഇന്ത്യയിൽ എത്തിയതെങ്കിൽ, അഞ്ജു വാഗാ അതിർത്തി വഴി നിയമപരമായാണ് പാകിസ്ഥാനിൽ എത്തിയത്.