മനസ്സാ വാചാ കര്‍മണ പങ്കില്ലാത്ത ഒരു കാര്യം,മാനനഷ്ടകേസ് ഫയൽ ചെയ്ത് കെ സുധാകരൻ

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദനും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്കുമെതിരെ മാനനഷ്ടകേസ് നൽകികോൺഗ്രസ് പ്രസിഡന്റ് കെ സുധാകരൻ. മോന്‍സണ് മാവുങ്കല്‍ പ്രതിയായ പോക്‌സോ കേസില്‍ സുധാകരനെതിരെ നടത്തിയ പരാമർശങ്ങൾക്കെതിരെ എറണാകുളം സിജെഎം കോടതിയില്‍ നേരിട്ടെത്തി കെ സുധാകരൻ കേസ് ഫയൽ ചെയ്തു.

മോണ്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോള്‍ കെ.സുധാകരന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്ന്‌ ദേശാഭിമാനി വാര്‍ത്ത നല്‍കി.തൊട്ടടുത്ത ദിവസം നടന്ന വാര്‍ത്താസമ്മേളനത്തിൽ എംവി ഗോവിന്ദനും ഇക്കാര്യം പറഞ്ഞിരുന്നു. ദേശാഭിമാനി വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് താന്‍ അങ്ങനെ പറഞ്ഞതെന്നും പറഞ്ഞതിൽ ഉറച്ച് നിൽക്കുന്നുവെന്നും എംവി ​ഗോവിന്ദൻ സൂചിപ്പിച്ചിരുന്നു.

‘എനിക്ക് മനസ്സാ വാചാ കര്‍മണ പങ്കില്ലാത്ത ഒരു കാര്യം പറഞ്ഞാണ് അപമാനിച്ചിരിക്കുന്നത്. എന്റെ ജീവിതത്തില്‍ കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ഒരു ആരോപണമാണ് ഇപ്പോൾ ഉന്നയിക്കപ്പെട്ടിട്ടുള്ളത്. കോടതി വിധി പ്രസ്താവിച്ച് കഴിഞ്ഞ കേസിലാണ് ഇത്തരത്തിലൊരു പരാമര്‍ശം’- സുധാകരന്‍ പറഞ്ഞു.സമാനമായ പ്രസ്താവന നടത്തി എന്നാരോപിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി.ദിവ്യയുടെ മാനനഷ്ടത്തിനെതിരെ കേസ് നൽകിയിട്ടുണ്ട് കെ.സുധാകരന്‍