കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം, ടി20 പരമ്പര തിരുവനന്തപുരത്ത്

കേരളത്തിലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിച്ചു കൊണ്ട് അടുത്ത ഹോം സീസണിൽ തിരുവനന്തപുരത്ത് ഒരു മത്സരം നടക്കാൻ പോകുന്നു. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടക്കാനിരിക്കുന്ന ടി20 പരമ്പരയിലെ രണ്ടാം മത്സരമാണ് തിരുവനന്തപുരത്ത് നടക്കുക. താദ്യമായാണ് തിരുവനന്തപുരത്ത് ഓസ്ട്രേലിയ കളിക്കാനെത്തുന്നത്. നവംബർ 26-ം തീയതി ഞായറാഴ്ചയാണ് ഈ പോരാട്ടം നടക്കുക.

ഇതുവരെ മൂന്ന് ടി20 മത്സരങ്ങൾക്കും, രണ്ട് ഏകദിന മത്സരങ്ങൾക്കുമാണ് തിരുവനന്തപുരം കാര്യവട്ടത്തെ സ്‌പോർട്സ് ഹബ് വേദിയായത്. ഇവിടെ നടന്ന രണ്ട് ഏകദിന മത്സരങ്ങളിലും, ര‌ണ്ട് ടി20 മത്സരങ്ങളിലും ഇന്ത്യ വിജയം നേടിയപ്പോൾ, വെസ്റ്റിൻഡീസിനെതിരായ ടി20 മത്സരത്തിൽ മാത്രമാണ് തോൽവി നേരിട്ടത്. ഈ വർഷം ജനുവരിയിൽ ശ്രീലങ്കയ്ക്കെതിരെ നടന്ന ഏകദിന മത്സരത്തിലാണ് ഇന്ത്യ ഇവിടെ അവസാനമായി കളിച്ചത്‌.

വിരാട് കോഹ്ലിയും, ശുഭ്മാൻ ഗില്ലും സെഞ്ചുറി നേടി മൊഹമ്മദ് സിറാജ് 4 വിക്കറ്റുകൾ വീഴ്ത്തി ബോളിങിൽ തിളങ്ങിയ അന്ന് 317 റൺസിന്റെ പടുകൂറ്റൻ ജയമായിരുന്നു ഇന്ത്യ നേടിയത്.ഈ വർഷം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള പരിശീലന മത്സരങ്ങൾക്കും തിരുവനന്തപുരം വേദിയാകുന്നുണ്ട്. ഇന്ത്യയടക്കമുള്ള ടീമുകൾ ഇവിടെ കളിക്കും.

സെപ്റ്റംബറിൽ ഓസ്ട്രേലിയക്കെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയോടെയാണ് ഇന്ത്യയുടെ പുതിയ ഹോം സീസണ് തുടക്കമാകുന്നത്. സെപ്റ്റംബർ 22 ന് ആരംഭിക്കുന്ന പരമ്പരയിലെ രണ്ടും, മൂന്നും ഏകദിനങ്ങൾ യഥാക്രമം 24, 27 തീയതികളിൽ നടക്കും. മൊഹാലി, ഇൻഡോർ, രാജ്കോട്ട് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഏകദിന ലോകകപ്പിന് തൊട്ടുമുൻപ് നടക്കുന്ന പരമ്പരയാണിത്‌.

നവംബറിൽ അഞ്ച് മത്സര ടി20 പരമ്പരയ്ക്കായി ഓസ്ട്രേലിയ, ഇന്ത്യയിലെത്തും. ആദ്യ മത്സരം 23 ന് വിശാഖപട്ടണത്ത് നടക്കും, നവംബർ 26, 28, ഡിസംബർ 1, 3 തീയതികളിൽ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങൾ തിരുവനന്തപുരം, ഗുവാഹത്തി, നാഗ്പൂർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നടക്കും.

2024 ജനുവരിയിൽ അഫ്ഗാനിസ്ഥാൻ ഇന്ത്യൻ പര്യടനത്തിനെത്തുന്ന അഫ്ഗാനിസ്ഥാനുമായി മൂന്ന് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. ജനുവരി 11, 14, 17 എന്നീ തീയതികളിൽ നടക്കുന്ന മത്സരങ്ങൾക്ക് മൊഹാലി, ഇൻഡോർ, ബംഗളൂരു എന്നിവിടങ്ങൾ വേദിയാകും.ജനുവരി അവസാനം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകും. അഞ്ച് മത്സരങ്ങൾ അടങ്ങിയ പരമ്പരയിലെ പോരാട്ടങ്ങൾ ഹൈദരാബാദ്, വിശാഖപട്ടണം, രാജ്കോട്ട്, റാഞ്ചി, ധർമ്മശാല എന്നിവിടങ്ങൾ വേദിയാകും