തിരുവനന്തപുരം: നാല് പതിറ്റാണ്ടിലേറെ മലയാളികളുടെ മനസ്സിൽ പാട്ടിന്റെ വസന്തം വിരിയിച്ച വാനമ്പാടി കെഎസ് ചിത്ര ഇന്ന് അറുപതാം പിറന്നാൾ ആഘോഷിക്കുകയാണ്.ചിത്ര എന്ന പേര് കേൾക്കുമ്പോൾ തന്നെ എത്ര മനോഹര ഗാനങ്ങളാണ് മലയാളികളുടെ മനസിലും ചുണ്ടിലും വിരിയുക.വിശേഷണങ്ങളിൽ ഒതുങ്ങാത്തത്ര മധുരമാണ് ചിത്രയുടെ പാട്ടുകൾ മലയാളിക്ക് സമ്മാനിച്ചത്.
ഇന്ത്യൻ ഭാഷകളിലും മലായ്, ലാറ്റിൻ, അറബിക്, സിംഹളീസ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ വിദേശ ഭാഷകളിലുമായി മുപ്പതിനായിരത്തിലേറെ ഗാനങ്ങൾ ആലപിച്ച ചിത്ര നാൽപ്പതിലേറെ വർഷങ്ങളായി മലയാളികളടക്കം രാജ്യത്തെ കോടിക്കണക്കിന് മനുഷ്യരെയാണ് ആസ്വാദനത്തിന്റെ കൊടുമുടിയിലേക്കുയർത്തിയത്.ഗന്ധർവഗായിക, സംഗീത സരസ്വതി, ചിന്നക്കുയിൽ , പിയ ബസന്തി, ഇന്ത്യയുടെ കൊച്ചുവാനമ്പാടി എന്നിങ്ങനെ വിവിധ ഭാഷകളിലെ ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഈ ഗന്ധർവ ഗായിക മനുഷ്യഹൃദയങ്ങളിലെ സ്വീകാര്യത കൊണ്ടാണ് അംഗീകരിക്കപ്പെട്ടത്.
പതിനൊന്നു വര്‍ഷം തുടർച്ചയായി സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്. തെന്നിന്ത്യയിലെ നാലു ഭാഷകളിലും മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരങ്ങൾ. ലതാ മങ്കേഷ്കറിനു ശേഷം ലണ്ടനിലെ റോയല്‍ ആല്‍ബര്‍ട്ട് ഹാളില്‍ പാടിയ ഇന്ത്യന്‍ ഗായിക. അംഗീകാരങ്ങളേറുന്തോറും അത്രയും എളിമയും കാലം മുന്നോട്ട് പോകുംതോറും മാധുര്യമേറി വരുന്ന സ്വരമാധുര്യവും ചിത്രയെ വേറിട്ടു നിർത്തുന്നു.
രാജ്യം ആറു തവണ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നൽകി ആദരിച്ചു.ഒമ്പത് സൗത്ത് ഫിലിം ഫെയർ അവാർഡുകൾ, 16 കേരള സ്റ്റേറ്റ് ഫിലിം അവാർഡുകൾ, 11 ആന്ധ്രാപ്രദേശ് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, നാല് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, മൂന്ന് കർണാടക സംസ്ഥാന അവാർഡുകൾ,ഒറിസ സംസ്ഥാന ചലച്ചിത്ര അവാർഡ്, പശ്ചിമ ബംഗാൾ സംസ്ഥാന ചലച്ചിത്ര അവാർഡ് എന്നിങ്ങനെ ഇന്ത്യയിലെ ആറ് സംസ്ഥാനങ്ങളിൽ നിന്നുള്ള 36 വ്യത്യസ്ത സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടി.
ഇന്ത്യൻ സംഗീതത്തിന് നൽകിയ വിലപ്പെട്ട സംഭാവനകൾക്ക് 2021-ൽ പത്മഭൂഷണും 2005-ൽ പത്മശ്രീയും നൽകി രാജ്യം ആദരിച്ചു.ബ്രിട്ടീഷ് പാർലമെന്റ് ആദരിക്കുന്ന ആദ്യത്തെ ഇന്ത്യൻ വനിതയാണ് കെഎസ് ചിത്ര.2009-ൽ ചൈനയിലെ ക്വിങ്ഹായിൽ നടന്ന ക്വിങ്ഹായ് ഇന്റർനാഷണൽ വാട്ടർ ആൻഡ് മ്യൂസിക് ഫെസ്റ്റിവലിലെ ചിത്രയുടെ പ്രകടനത്തോടെ അന്താരാഷ്ട്ര തലത്തിലും ശ്രദ്ധിക്കപ്പെട്ടു.
1963ജൂലൈ 27ന് തിരുവനന്തപുരം കരമനയിലെ സംഗീത കുടുംബത്തിൽ കൃഷ്ണൻ നായരുടെയും ശാന്തകുമാരിയുടെയും മൂന്നു മക്കളിൽ കർക്കിടകത്തിലെ ചിത്ര നക്ഷത്രത്തിൽ ജനിച്ച രണ്ടാമത്തെ കുഞ്ഞ് അഞ്ചാംവയസ്സിൽ എംജി രാധാകൃഷണന്റെ ഒക്കത്തിരുന്ന് ആകാശവാണിയിലെ സ്റ്റുഡിയോയിൽ പാടിത്തുടങ്ങി.ഒരു തോൽവിക്കു പിന്നിൽ വലിയൊരു വിജയം കാത്തിരിപ്പുണ്ടെന്ന് ഒവ്വൊരു പൂക്കളുമേ പാടി ആത്മഹത്യയിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ഇരുപതുകാരനുൾപ്പെടെ അനേകായിരങ്ങളുടെ വേദനകളിൽ ഈ ശബ്ദം സ്നേഹസാന്ത്വനമായി.
മാവേലിക്കര പ്രഭാകരവർമ്മയുടെയും കെ ഓമനക്കുട്ടിയുടെയും കീഴിൽ കർണാടക സംഗീത പഠനം. തിരുവനന്തപുരം വിമൻസ് കോളേജിൽ ബി.എ മ്യൂസികിന് സർവ്വകലാശാലയിൽ മൂന്നാം റാങ്കോടെ വിജയം.എം എ മ്യൂസിക് വിദ്യാർഥിയായിരുന്ന ചിത്ര സംഗീതജ്ഞനായ അച്ഛൻ കൃഷ്ണൻ നായർക്കൊപ്പം ഇളയരാജയുടെ ഈണത്തിൽ ഗാനമാലപിക്കാനാണു ചെന്നൈയിലെത്തിയത്.
പരീക്ഷയ്ക്ക് തിരികെപ്പോരാനിരുന്ന ചിത്രയോട് ഒരു പാട്ടുകൂടി പാടിയിട്ട് പോയാൽ മതി,പരീക്ഷ പിന്നെയെഴുതാമെന്ന് ഉപദേശിച്ച ഇളയരാജ. സിന്ധുഭൈരവിയിലെ പാടറിയേൻ പടിപ്പറിയേൻ എന്ന ഗാനം ആലേഖനം ചെയ്യുമ്പോൾ തന്നെ രാജ്യത്തെ ജനങ്ങൾക്ക് സമ്മാനിക്കുന്ന മധുരശബ്ദമാണിതെന്ന് ഇളയരാജ ഉറപ്പിച്ചിരുന്നു. 1985ലെ ദേശീയ പുരസ്കാരം ചിത്രയെത്തേടിയെത്തിയത് എംഎ പരീക്ഷ പിന്നീടെഴുതാൻ മാറ്റിവച്ച് പാടിയ ആ ഗാനത്തിനായിരുന്നു.
അറുപതിന്റെ നിറവിൽ ആലാപനത്തിന്റെ പുതിയ തലങ്ങൾ തേടുകയാണ് മലയാളത്തിന്‍റെ വാനമ്പാടി.