ഒരുപാട് നാളുകളായി പ്രേക്ഷകർ ആഗ്രഹിച്ചിരുന്ന ഒരു തിരിച്ചുവരവിന്റെ മാജിക്കാണ് നെൽസൺ എന്ന സംവിധായകൻ ജയിലർ എന്ന സിനിമയിലൂടെ കാട്ടിയത്. ബീസ്റ്റിലെ ക്ഷീണം മുഴുവനായി നെൽസൺ തീർത്തുവെച്ചിട്ടുണ്ട്. രാവിലെ ആറുമണിക്ക് തുടങ്ങിയ ഫാൻസ് ഷോ പൂർത്തിയാകുമ്പോൾ ഗംഭീര പ്രതികരണമാണ് ചിത്രത്തിനു ലഭിക്കുന്നത്.
ടൈഗർ മുത്തുവേൽ പാണ്ഡ്യനായി പ്രേക്ഷകരെ ആവേശത്തിലാക്കി രജനികാന്ത് അഴിഞ്ഞാടുന്നു.രജനിയുടെ ഒരു 10 മിനുട്ട് ഫ്ലാഷ്ബാക്ക് രംഗമുണ്ട്. രജനിയുടെ ആ ലുക്കിൽ ടിക്കറ്റ് പൈസ വസൂൽ. മോഹൻലാൽ, ശിവരാജ് കുമാർ കൂടി എത്തുന്നതോടെ തിയേറ്ററിൽ തീ പിടിച്ചു. തിയേറ്ററിൽ നിന്ന് മാത്രം അനുഭവിച്ചറിയേണ്ട രജനി വിളയാട്ടം തന്നെയാണ് ജയിലർ.
മാത്യു ആയി മോഹൻലാലിന്റെ വരവ് വാക്കുകളാൽ വർണ്ണിക്കാൻ കഴിയില്ല .മാത്യൂസ് എന്ന അധോലോക നായകനായി മോഹൻലാലും വരുന്നതോടെ പൂരം കൊടികയറി.അടുത്ത കാലത്തൊന്നും ഇത്ര വലിയ തിയേറ്റർ എക്സ്പീരിയൻസ് കിട്ടിയിട്ടില്ല.മോഹൻലാൽ രജനി കൂട്ടുകെട്ട് അക്ഷരാർത്ഥത്തിൽ തിയേറ്റർ കുലുക്കി. രജനിക്ക് എതിരാളിയായി കട്ടയ്ക്ക് നിൽക്കുന്ന വിനായകൻ പല സീനുകളിലും രജനിക്ക് ഒപ്പമോ മേലയോ എത്തുന്ന തരത്തിൽ ബോഡി ലാംഗ്വേജ് കൊണ്ടും സംഭാഷണങ്ങൾ കൊണ്ടും കസറി.
ഡോക്ടർ സിനിമ പോലെ ബ്ലാക് ഹ്യൂമർ ആണ് ജയിലറും. മാസ്സിൽ തുടങ്ങി ഇമോഷണൽ രംഗങ്ങൾ കൊണ്ട് പ്രേക്ഷകനെ പിടിച്ചിരുത്തി വീണ്ടും മാസ്സ് ആകുമ്പോൾ പ്രേക്ഷകനെ മറ്റൊരു ലോകത്തേയ്ക്ക് എത്തിക്കുന്നു. കാസ്റ്റിങ്ങ് പെർഫെക്ട് ആയി കഴിഞ്ഞാൽ ചിത്രത്തിന്റെ പകുതി ജോലി കഴിഞ്ഞു എന്നതിന്റെ പൂർണമായ ഉദാഹരണമാണ് ജയിലർ.
“72 വയസ്സ് , എന്നാ പണ്ണി വെച്ചിറിക്കേയ്ൻ ‘സൂപ്പർസ്റ്റാർ എന്ന അത് രജനി സർ മട്ടും താൻ,അത് അത്രേ ഒള്ളു, എന്നാ സ്റ്റൈൽ..എന്നാ ആറ്റിട്യൂട്.” സൺ പിക്ചേഴ്സ് സിഇഒ കലാനിധി മാരൻ പറഞ്ഞു.രജനി, മോഹൻലാൽ, ശിവരാജ് കുമാർ,വിനായകൻ,നെൽസൺ,അനിരുദ്ധിന്റെ സംഗീതം കൂടി ചേരുന്നതോടെ തിയറ്ററുകൾ ആഘോഷങ്ങളായി മാറുന്നു.
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുന്നത്. 300ൽ അധികം തിയറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്തിരിക്കുന്നത്. തമന്നയാണ് ചിത്രത്തിൽ നായിക.രമ്യ കൃഷ്ണന്, ശിവ്രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ താരങ്ങളോടൊപ്പം സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളാകുന്നു.വിജയ് കാര്‍ത്തിക് കണ്ണൻ ഛായാഗ്രാഹണവും ആക്ഷൻ സ്റ്റണ്ട് ശിവയുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.