സിദ്ധിഖിന്റെ കാക്കനാടുള്ള വീട്ടിലെത്തി നടൻ സൂര്യ

കൊച്ചി: സിദ്ധിഖിന്റെ കാക്കനാടുള്ള വീട്ടിലെത്തി സിദ്ധിഖിന്റെ വിയോഗത്തില്‍ കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് നടന്‍ സൂര്യ.നിര്‍മാതാവ് രാജശേഖറിനൊപ്പമെത്തിയ സൂര്യ കുടുംബത്തോടൊപ്പം അൽപസമയം ചെലവഴിച്ചാണ് മടങ്ങിയത്.

“സിദ്ധിഖ് സാറിന്റെ വിയോഗം നല്‍കിയ വിടവ് നികത്താനാകില്ല. എന്റെ ഹൃദയത്തില്‍ തൊടുന്ന അനുശോചനങ്ങള്‍ രേഖപ്പെടുത്തുന്നു.” സിദ്ധിഖിന്റെ മരണശേഷം സൂര്യ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവച്ചിരുന്നു.ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഓര്‍മകള്‍ അദ്ദേഹത്തോടൊപ്പമുണ്ടെന്നും സ്വന്തം കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം നല്‍കിയത് അദ്ദേഹമാണെന്നും സൂര്യ കുറിച്ചിരുന്നു.

സൂപ്പര്‍ഹിറ്റായ ഫ്രണ്ട്‌സിന്റെ തമിഴ് റീമേക്ക് ഒരുക്കിയതും സിദ്ധിഖ് ആയിരുന്നു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രം വമ്പൻ വിജയമായി. സൂര്യയുടെയും വിജയിന്റെയും കരിയറില്‍ ഈ ചിത്രം വഴിത്തിരിവായി മാറിയിരുന്നു.