ഹെൽമറ്റു കൊണ്ടു ജ്യേഷ്ഠന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അനുജനും സുഹൃത്തും അറസ്റ്റിൽ

തൃശൂർ: ഹെൽമറ്റു കൊണ്ടു ജ്യേഷ്ഠന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ അനുജനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തു.അരിമ്പൂർ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകൻ ഷൈൻ കൊല്ലപ്പെട്ട കേസിലാണ് അനുജൻ ഷെറിനേയും സുഹൃത്ത് അരുണിനെയും പോലീസ് പിടികൂടിയത്. തങ്ങൾക്കൊപ്പം ബൈക്കിലിരുന്നു സഞ്ചരിക്കുമ്പോൾ തെറിച്ചുവീണ ഷൈൻ റോഡിൽ തലയിടിച്ചു മരിച്ചുവെന്നാണ് ഷെറിനും അരുണും എല്ലാവരോടും പറഞ്ഞത്.

പോസ്റ്റ് മാർട്ടം റിപ്പോർട്ടാണ് ഇത് കൊലപാതകമാണെന്ന് തെളിയിച്ചത്.ഷൈനിന്റെ തലയിൽ കണ്ടത് ബൈക്കിൽ നിന്നു വീണാൽ ഉണ്ടാകുന്ന മുറിവല്ലയെന്നും ഇത് ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായത്.

തിരുച്ചിറപ്പള്ളിയിൽ പെയിന്റിങ് ജോലി ചെയ്യുകയായിരുന്ന ജേഷ്ടൻ ഷൈൻ ചൊവ്വാഴ്ച രാത്രി 11:45 ന് തൃശൂരിലെത്തി.അനിയൻ ഷെറിനെ ഫോണിൽ വിളിച്ച് തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാൻ ബൈക്കുമായി എത്താൻ ഷൈൻ ആവശ്യപ്പെട്ടു.ഈ സമയം മദ്യപിച്ചിരുന്നതിനാൽ ഷെറിൻ ബൈക്ക് ഓടിക്കാനായി അയൽവാസിയായ അരുണിനെയും കൂട്ടി.ഒരുമിച്ചു മദ്യപിച്ച ശേഷമാണ് ഷൈൻ ഇവർക്കൊപ്പം ബൈക്കിൽ വീട്ടിലേക്കു പുറപ്പെട്ടത്. ചേറ്റുപുഴ –അരണാട്ടുകര റോഡിലെത്തിയപ്പോൾ പെട്രോൾ തീർന്നതു കാരണം ബൈക്ക് നിന്നു.ഇതിന്റെ പേരിൽ സഹോദരങ്ങൾ തമ്മിൽ വഴക്കായി.

പെട്രോൾ അടിക്കാതെ വന്നതിനു ജേഷ്ഠൻ വഴക്കു പറഞ്ഞതും പെട്രോൾ നിറയ്ക്കാൻ പണം കൊടുക്കാൻ ജേഷ്ഠൻ ഷൈൻ വിസമ്മതിച്ചതും അനുജൻ ഷെറിനെ പ്രകോപിതനാക്കി. ജേഷ്ഠൻ ഷൈൻ പലപ്പോഴായി തന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പണം തിരിച്ചു തരാൻ ആവശ്യപ്പെട്ട ഷെറിനുമായി വഴക്കിട്ട ഷൈൻ മുന്നോട്ട് നടക്കുന്നതിനിടെ കോപം അടക്കാൻ കഴിയാതെ ഷെറിൻ പിന്നിലൂടെ ഓടിയെത്തി സഹോദരനെ ഹെൽമറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു.

അടികൊണ്ട് ഷൈൻ മരിച്ചു എന്നു മനസ്സിലാക്കിയ ഷെറിൻ ഭയന്നുവിറച്ച് ഹെൽമറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞ ശേഷം ആംബുലൻസ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.ഷെറിൻ ബൈക്കിൽ നിന്നും തെറിച്ചു വീണെന്നാണ് ആശുപത്രിയിലും പറഞ്ഞത്. എന്നാൽ ക്ഷതം പരിശോധിച്ച ഫൊറൻസിക് സർജൻ ഡോ. വിമൽ വിജയ് നൽകിയ സൂചനയാണ് ഇത് കൊലപാതകമാണെന്ന് തെളിയിച്ചത്.

ബൈക്കിനു പിന്നിൽ നിന്നും തെറിച്ചു വീണാണ് ഷൈൻ മരിച്ചതെന്നായിരുന്നു ബന്ധുക്കളോടെല്ലാം ഷെറിൻ പറഞ്ഞത്.ഷൈനിന്റെ മരണമറിഞ്ഞ് അനുശോചനവുമായെത്തിയ നാട്ടുകാർക്കും ബന്ധുക്കൾക്കുമിടയിൽ അഗാധ ദുഃഖ പ്രകടനമാണ് പ്രതികൾ നടത്തിയത്.സംസ്കാരച്ചടങ്ങുകൾ തീർന്നശേഷം പോലീസെത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് വിവരം അടുത്ത ബന്ധുക്കൾ പോലും അറിയുന്നത്. തെളിവെടുപ്പിനു ശേഷം പ്രതികളെ റിമാൻഡ് ചെയ്‌തു.