കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ജയ്‌ക് സി തോമസ് നാമനിർദേശ പത്രിക സമർപ്പിച്ചു. ജെയ്ക്കിന് കെട്ടിവെക്കാനുള്ള തുക ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയാണ് നൽകിയത്. കെട്ടിവെക്കാനുള്ള തുക സ്വീകരിച്ച ശേഷം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് മുന്നിലെത്തിയ ജെയ്ക്കിനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും എൽഡിഎഫ് കൺവീനർ ഇപി ജയരാജനും മന്ത്രി വിഎൻ വാസവനും ചേർന്ന് ഷാൾ അണിയിച്ച് സ്വീകരിച്ചു.
സിപിഎം ജില്ലാ സെക്രട്ടറി എ വി റസൽ, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു, കേരള കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ലോപ്പസ് മാത്യു തുടങ്ങിയവരോടൊപ്പം ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന് പ്രകടനമായി താലുക്ക് ഓഫീസിലെ ആർഡിഒ ഓഫീസിലെത്തി പത്രിക സമർപ്പിച്ചു.ആർഡിഒ വിനോദ് രാജിന് മുൻപാകെയാണ് പത്രിക സമർപ്പിച്ചത്.