കോട്ടയം: നഗര മധ്യത്തിൽ മുനിസിപ്പാലിറ്റിക്കു മുൻവശത്തുള്ള രാജധാനി ഹോട്ടലിലെ മൂന്നാം നിലയിലെ ജനലിന്റെ മുകൾ ഭാഗത്തെ സൺഷേഡ് അടർന്നുവീണ് താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന നീണാക്ഷി ലക്കി സെന്ററിലെ ജീവനക്കാരന് ദാരുണാന്ത്യം.
ചങ്ങനാശ്ശേരി പായിപ്പാട് പള്ളിക്കച്ചിറ കല്ലുപ്പറമ്പ് വീട്ടിൽ കെ.ജെ.എബ്രഹാമിന്റെ മകൻ ജിനോ കെ.എബ്രഹാം ആണ് മരിച്ചത്. വ്യാഴാഴ്‌ച രാത്രി 8:35 ഓടെയായിരുന്നു അപകടം. 46 വയസായിരുന്നു. ലോട്ടറിക്കട അടച്ച് പോകാനൊരുങ്ങുമ്പോഴായിരുന്നു അപകടം. രാജധാനി ഹോട്ടലിന്റെ രണ്ടാംനിലയിലെ ജനലിനോട് ചേർന്ന് നിർമ്മിച്ച കോൺക്രീറ്റ് സൺഷേഡാണ് റോഡിൽ നിൽക്കുകയായിരുന്ന ജിനോയുടെ തലയിൽ വീണത്. ഇത് അടുത്തിടെ നവീകരിച്ച ഭാഗമാണ്ഇഷ്‌ടികയും കോൺക്രീറ്റും ചേർത്ത് ജനലിന് മേൽഭാഗത്ത് നിർമിച്ച ഷേഡാണ് വീണതെന്നും ഇഷ്‌ടിക തലയിൽ പതിച്ചാണ് മരണ കാരണമെന്നും വെസ്‌റ്റ് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഓടിക്കൂടിയ നാട്ടുകാർ ജിനോയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. കെട്ടിടം കോട്ടയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണിത്. ഇതിന് സമീപം ബസ്‌സ്‌റ്റാൻഡ് ഷോപ്പിങ് കോംപ്ലക്‌സിലെ മറ്റ് കെട്ടിടങ്ങൾക്കും ബലക്ഷയമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊളിച്ചുനീക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. നേരത്തേ ഈ കെട്ടിടം നവീകരിക്കാൻ നഗരസഭ അനുമതി നൽകിയിരുന്നുവെങ്കിലും ഹോട്ടലുടമ തന്നെ നവീകരിച്ചതിനേ തുടർന്ന് പ്രവർത്തിക്കാൻ നഗരസഭ അനുമതി നൽകുകയായിരുന്നു.